KeralaTop News

എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാല: പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫും ബിജെപിയും

Spread the love

പാലക്കാട് എലപ്പുള്ളിയിലെ വന്‍കിട മദ്യനിര്‍മ്മാണശാലയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ഉറപ്പായതോടെ പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫും ബിജെപിയും. പദ്ധതിയിലൂടെ സിപിഐഎം നേതാക്കള്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് ബിജെപിയുടെ ആരോപണം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പദ്ധതിയുമായി മുന്നോട്ടെന്ന് ഉറപ്പിച്ച് പറഞ്ഞതില്‍ ഘടകകക്ഷികള്‍ക്ക് ഉള്‍പ്പെടെ അതൃപ്തിയുണ്ട്.

എലപ്പുളളിയിലെ മദ്യനിര്‍മ്മാണശാലയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് പലക്കാട് ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കിക്കഴിഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നറിയിക്കുമ്പോഴും ജനങ്ങളുടെ ആവലാതി എങ്ങനെ തീര്‍ക്കുമെന്ന കാര്യത്തില്‍ മറുപടിയില്ല. സിപിഐക്കും മറ്റ് ഘടകകക്ഷികള്‍ക്കും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്.

തദ്ദേശതെരഞ്ഞെടുപ്പ് അടക്കം അടുത്തിരിക്കെ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ തിരിച്ചടി ഉറപ്പെന്നാണ് ഒരു വിഭാഗം പറയുന്നത്. വരും ദിവസങ്ങളില്‍ ബ്രൂവറി വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് ബിജെപി തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ തന്നെ നേരിട്ടെത്തി സമരം നയിക്കുമെന്നാണ് ജില്ലാ ഘടകം നല്‍കുന്ന സൂചന. എക്സൈസ് മന്ത്രിയുടെ അടക്കം പങ്ക് ഉടന്‍ പുറത്ത് വരുമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.