സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണം; ‘അക്രമി ബംഗ്ലാദേശിയെന്ന് കരുതി ആ രാജ്യത്തെ മുഴുവൻ കുറ്റപ്പെടുത്തരുത്’, ഫാറൂഖ് അബ്ദുള്ള
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ അപലപിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. ഒരു വ്യക്തിയുടെ പ്രവൃത്തിയുടെ പേരിൽ ഒരു രാജ്യത്തെ മുഴുവൻ കുറ്റപ്പെടുത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു ഫാറൂഖ് അബ്ദുള്ള.
“ഇത്തരം സംഭവങ്ങൾക്ക് ഞാൻ എതിരാണ്, നടന് നല്ലത് വരട്ടെ, ഒരു മനുഷ്യൻ ചെയ്യുന്ന പ്രവർത്തിക്ക് രാജ്യത്തെ മുഴുവൻ കുറ്റപ്പെടുത്താൻ ഒരിക്കലും കഴിയില്ല. ഒരു ഇന്ത്യക്കാരൻ യുകെയിൽ എന്തെങ്കിലും മോശം ചെയ്താൽ നിങ്ങൾ അതിന് ഇന്ത്യയെ മുഴുവൻ കുറ്റപ്പെടുത്തുമോ? ഇത് ആ മനുഷ്യനാണ്, രാഷ്ട്രമല്ല… അമേരിക്കയിൽ എത്ര അനധികൃത ഇന്ത്യക്കാർ ഉണ്ട്? പ്രസിഡൻറ് ട്രംപ് കണക്കുകൾ പുറത്തുവിട്ടു. അതിനെ എന്ത് വിളിക്കും?” ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേർത്തു
ബംഗ്ലദേശിലെ രാജ്ഭാരി സ്വദേശിയാണ് പ്രതിയായ മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം. ജനുവരി 16 ന് ബാന്ദ്രയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു സെയ്ഫ് അലി ഖാന് ആക്രമിയുടെ കുത്തേൽക്കുന്നത്. കുഞ്ഞിനെ ഉപദ്രവിക്കാനെത്തിയ ആക്രമിയെ തടയുന്നതിനിടെ 6 തവണയാണ് നടന് പ്രതി കുത്തിപരുക്കേൽപ്പിച്ചത്. സംഭവത്തിൽ നട്ടെലിന് ഗുരുതരമായി പരുക്കേറ്റ സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്നലെയാണ് നടൻ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടത്.വെള്ള ഷർട്ടും ജീൻസും കൂളിങ് ഗ്ലാസും ധരിച്ച് ആരാധാകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം ആശുപത്രിയിൽ നിന്ന് ഇറങ്ങി വന്നത്.
അതേസമയം, പ്രതി മുഹമ്മദ് ഷെരീഫുൾ ഇസ്ലാമിനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.നേരം പുലരും മുൻപായിരുന്നു തെളിവെടുപ്പ്. ആദ്യം പ്രതിയെ ആദ്യം ബാന്ദ്രാ റെയിവേ സ്റ്റേഷനിൽ എത്തിച്ചു. അവിടെ നിന്ന് നടന്ർറെ ഫ്ലാറ്റിലേക്ക്. ഫയർ എക്സിറ്റ് ഗോവണി വഴിയും ഏഴാം നിലയിൽ എത്തിയെന്നും അവിടെ നിന്ന് പൈപ്പിൽ വലിഞ്ഞ് കയറിയെന്നുമാണ് പ്രതിയുടെ മൊഴി. അക്കാര്യങ്ങൾ പൊലീസ് പുനരാവിഷ്കരിച്ചു. തുടർന്ന് നടനുമായുണ്ടായ സംഘർഷം പ്രതീകാത്മകമായി വീണ്ടും അവതരിപ്പിച്ചു. ഗോവണി, കുളിമുറിയുടെ ജനൽ, പൈപ്പ് എന്നിവിടങ്ങളിൽ നിന്നും പ്രതിയുടെ 19 വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതും നിർണായക തെളിവായി.
നാട്ടിലേക്ക് പോകുന്നതിന് പണം കണ്ടെത്താനാണ് മോഷണത്തിന് ശ്രമിച്ചതെന്നും പ്രതി മൊഴി നൽകി. താൻ ബംഗ്ലാദേശിൽ ഗുസ്തി താരമാണെന്നും ഇയാൾ പറയുന്നു. കുറ്റകൃത്യം നടത്താൻ പുറത്ത് നിന്ന് പ്രതിക്ക് സഹായം കിട്ടിയോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.