‘അന്യ പുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകൾ വ്യായാമം ചെയ്യരുതെന്നത് കാന്തപുരത്തിന്റെ വിശ്വാസം, ഞങ്ങൾ വിശ്വസിക്കുന്നത് സ്ത്രീ പുരുഷ സമത്വത്തിൽ’: തോമസ് ഐസക്
സ്ത്രീപുരുഷ സമത്വം സംബന്ധിച്ച് കാന്തപുരം പറഞ്ഞത് അദ്ദേഹത്തിന്റെ വിശ്വാസമെന്ന് തോമസ് ഐസക്. ഞങ്ങൾ വിശ്വസിക്കുന്നത് സ്ത്രീ പുരുഷ സമത്വത്തിൽ. ജമാഅത്തെ ഇസ്ലാമിയെപ്പോലെ മുസ്ലിം മത രാഷ്ട്രത്തിനു വേണ്ടി അദ്ദേഹം പറഞ്ഞിട്ടില്ല.
സ്ത്രീക്ക് രണ്ടാം സ്ഥാനം കൽപ്പിക്കുന്നത് മതത്തിൽ മാത്രമല്ല, സർവ തലത്തിലുമുണ്ട്. പാർട്ടി സ്ഥാനങ്ങളിൽ വനിതകൾ വരും. നേതൃത്വത്തിൽ വനിതാ പ്രതിനിധ്യം സംബന്ധിച്ച പോരായ്മ തിരിച്ചറിയുന്നവരാണ് ഞങ്ങൾ. ബോധ പൂർവ്വം തിരുത്താൻ ശ്രമിക്കുന്നുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.
കണ്ണൂരിൽ ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതിൽ ഒറ്റ സ്ത്രീ ഇല്ലെന്നും എല്ലാം പുരുഷൻമാരാണെന്നും കാന്തപുരം വിമർശിച്ചിരുന്നു. ഇതിനോടാണ് ഐസകിൻ്റെ പ്രതികരണമുണ്ടായത്.
പിപിഇ കിറ്റ് വാങ്ങിയതിൽ ഒരു അപാകതയും ഇല്ല. കോവിഡ് കാലത്ത് സർക്കാർ അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ട്. സിഎജി എന്ത് ഡാറ്റയാണ് അടിസ്ഥാനപ്പെടുത്തിയത്. തനിക്ക് എമർജൻസി പർച്ചേസ് കമ്മിറ്റിയിലാണ് വിശ്വാസം. ബിജെപിയുടെ സിഎജിയെ അല്ല, സിഎജി രാഷ്ട്രീയം കളിക്കുകയാണ്. സിഎജി കേരളത്തിനെതിരായ കുരിശു യുദ്ധത്തിൻ്റെ ഭാഗമാണ്.
മിക്ക ഭരണഘട സ്ഥാപനങ്ങളും ബിജെപി രാഷ്ട്രീയവൽക്കരിച്ചു. അതിന് കൈമണിയടിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷം. പിപിഇ കിറ്റ് വാങ്ങിയത് ഗുണമേന്മ നോക്കിയാണെന്നും തോമസ് ഐസക് പറഞ്ഞു.
കേന്ദ്രം തരാനുള്ളത് തന്നാൽ മരുന്നു വിതരണം
ചെയ്യാനും പെൻഷൻ വർധിപ്പിക്കാനും കഴിയും. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി അടിച്ചേൽപ്പിക്കുകയാണ്. കേരളത്തിൽ യുഡിഎഫ് ബിജെപിയെ സഹായിക്കുകയാണ് ചെയ്യുന്നത്. രാജ്യത്ത് മറ്റിടങ്ങളിൽ മാത്രമാണ് കോൺഗ്രസ് ബിജെപിയെ എതിർക്കുന്നതെന്നും ഐസക് പറഞ്ഞു.