KeralaTop News

എന്‍ എം വിജയന്റെ ആത്മഹത്യയ്ക്ക് പിന്നാലെ വയനാട്ടിലെ സഹകരണ സ്ഥാപനങ്ങളിലെ നിയമനത്തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ സഹകരണവകുപ്പ്

Spread the love

വയനാട്ടിലെ സഹകരണസ്ഥാപനങ്ങളിലെ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണവുമായി സഹകരണവകുപ്പ്. സഹകരണനിയമത്തിലെ അറുപത്തിയാറ് ചട്ടമനുസരിച്ച് അഞ്ച് സഹകരണബാങ്കുകളിലാണ് അന്വേഷണം. 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയത്. അതേസമയം ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, കോണ്‍ഗ്രസ് മുന്‍ നേതാവ് കെ കെ ഗോപിനാഥന്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണവും ഇതുമായി ബന്ധപ്പെട്ടുണ്ടായ നിയമനക്കോഴ വിവാദവുമാണ് സഹകരണവകുപ്പിന്റെ അന്വേഷണത്തിന് കാരണം. യുഡിഎഫ് ഭരിക്കുന്ന ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ പരാതികളുയര്‍ന്നിട്ടും സഹകരണവകുപ്പ് ഒരു നടപടിയും എടുത്തില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക്, കാര്‍ഷിക ഗ്രാമവികസനബാങ്ക്, സര്‍വീസ് സഹകരണബാങ്ക്, പൂതാടി സര്‍വീസ് സഹകരണബാങ്ക്, മടക്കിമല സര്‍വീസ് സഹകരണബാങ്ക് എന്നിവിടങ്ങളിലെ നിയമനങ്ങളെ കുറിച്ചാണ് അന്വേഷണം.

സുല്‍ത്താന്‍ബത്തേരി അസിസ്റ്റന്റ് രജിസ്റ്റര്‍ കെ കെ ജമാലിനാണ് 30 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. എന്‍എം വിജയന്റെ ബാധ്യതകളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്. അതേസമയം ചോദ്യം ചെയ്യലിന് ശേഷം എന്‍ഡി അപ്പച്ചന്‍, കെകെ ഗോപിനാഥന്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് അന്വേഷണസംഘം രേഖപ്പെടുത്തും. ആത്മഹത്യാപ്രേരണാകുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കല്‍പ്പറ്റ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെയും അടുത്ത ദിവസം ചോദ്യം ചെയ്യും. വിവാദങ്ങള്‍ക്കിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇന്ന് എന്‍എം വിജയന്റെ വീട് സന്ദര്‍ശിക്കുന്നുണ്ട്.