KeralaTop News

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ പാലഭിഷേകം തടഞ്ഞു’, അഭിഷേകം നടത്താനായി എത്തിച്ച പാലും കട്ടൗട്ടും പൊലീസ് എടുത്തുമാറ്റി

Spread the love

പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ പോയ ഓള്‍ കേരള മെൻസ് അസോസിയേഷന് ആഹ്ളാദപ്രകടനം നടത്താനായില്ല. രാഹുല്‍ ഈശ്വറായിരുന്നു ഉദ്ഘാടകൻ.

പൊലീസ് എത്തി അഭിഷേകം നടത്താനായി എത്തിച്ച പാലും ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടും എടുത്തു കൊണ്ടുപോയി. ബുധനാഴ്ച രാവിലെ സെക്രട്ടേറിയറ്റിന് മുന്നില്‍‌ പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആഘോഷമാക്കാനാണ് ഓള്‍ കേരള മെൻസ് അസോസിയേഷൻ തീരുമാനിച്ചിരുന്നത്.

ഇതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറും ഓള്‍ കേരള മെൻസ് അസോസിയേഷനും. ഇത് പുരുഷവിരോധമാണെന്നും ഈ കേസിലെങ്കിലും ഷാരോണ്‍ ഇരയും ഗ്രീഷ്മ വേട്ടക്കാരനുമെന്ന് സമ്മതിക്കാമോയെന്നും രാഹുല്‍ ഈശ്വർ.

ഷാരോണിനെ സ്മരിക്കാനായി ഇവിടെ കൂടിയപ്പോള്‍ അത് തടഞ്ഞു. ഇതാണ് ഇവിടുത്തെ പുരുഷന്മാരുടെ അവസ്ഥ. കട്ട് ഔട്ട് എടുത്തോണ്ട് പോകാൻ കാണിച്ച ആർജ്ജവം വ്യാജ പരാതികള്‍ക്കെതിരെ ഒരു എഫ്‌ഐആർ എടുക്കാനുള്ള എങ്കിലും കാണിക്കണമെന്നും രാഹുല്‍ ഈശ്വർ പൊലീസിനോട് ആവശ്യപ്പെട്ടു.

നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതിയാണ് ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 10 വര്‍ഷത്തെ തടവും അന്വേഷണത്തെ വഴി തെറ്റിച്ചതിന് 5 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്.