സ്വന്തം കാര്യം വരുമ്പോള്‍ മൗനമാണ്, കണ്ണൂരിലെ 18 ഏരിയ സെക്രട്ടറിമാരില്‍ ഒരു വനിത പോലുമില്ല’; സിപിഐഎമ്മിനുനേരെ പരിഹാസവുമായി കാന്തപുരം
സിപിഐഎമ്മിനെ വെല്ലുവിളിച്ചും പരിഹസിച്ചും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. കണ്ണൂരില്‍ സിപിഐഎം ഏരിയ കമ്മിറ്റിയില്‍ 18 പേരില്‍ ഒരു വനിത പോലുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാന്തപുരത്തിന്റെ പരിഹാസം. സമസ്ത സ്ത്രീവിരുദ്ധമെന്ന് പറയുന്നവര്‍ സ്വന്തം കാര്യത്തില്‍ മൗനം പാലിക്കുന്നു. അന്യപുരുഷന്മാരും സ്ത്രീകളും കൂടിക്കലരുന്നത് ഇസ്ലാം വിരുദ്ധമാണ്. ഞങ്ങളുടെ മതത്തെക്കുറിച്ചാണ് ഇത് പറഞ്ഞതെന്നും മറ്റ് മതങ്ങളുടെ കാര്യമൊന്നും തങ്ങള്‍ പറഞ്ഞിട്ടേയില്ലെന്നും കാന്തപുരം പറഞ്ഞു. ആലപ്പുഴയില്‍ നടന്ന സുന്നി സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ വിമര്‍ശനങ്ങള്‍.
മെക്-7 വ്യായാമക്കൂട്ടായ്മയെക്കുറിച്ച് കാന്തപുരം പറഞ്ഞ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയ പ്രതികരണത്തിനാണ് ഇന്ന് കാന്തപുരം പരോക്ഷമായി മറുപടി നല്‍കിയിരിക്കുന്നത്. പൊതുവിടത്തില്‍ സ്്ത്രീകള്‍ ഇറങ്ങുന്നതിനെതിരെ കാന്തപുരം നടത്തിയ പ്രസ്താവന പിന്തിരിപ്പനാണെന്നായിരുന്നു എം വി ഗോവിന്ദന്റെ വിമര്‍ശനം. ഇങ്ങനെ ശാഠ്യമുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നും അവര്‍ക്ക് സ്വന്തം നിലപാട് മാറ്റേണ്ടി വരുമെന്നും എം വി ഗോവിന്ദന്‍ സൂചിപ്പിച്ചിരുന്നു.
മതനിയമങ്ങള്‍ പറയുമ്പോള്‍ മതപണ്ഡിതന്മാര്‍ക്കുമേല്‍ കുതിര കയരാന്‍ വരേണ്ടെന്നും ഇസ്ലാമിന്റെ നിയമങ്ങള്‍ എന്താണെന്ന് പണ്ഡിതന്മാര്‍ പറയുമെന്നും കാന്തപുരം പറഞ്ഞു. മറ്റുള്ളവര്‍ ഇക്കാര്യത്തില്‍ വിമര്‍ശനങ്ങളുമായി വരേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.