KeralaTop News

സംസ്ഥാന കോൺഗ്രസിലെ തർക്കം; എങ്ങനെ പരിഹരിക്കുമെന്നതിൽ തലപുകഞ്ഞ് ഹൈക്കമാൻഡ്

Spread the love

സംസ്ഥാന കോൺഗ്രസിലെ തർക്കം എങ്ങനെ പരിഹരിക്കുമെന്നതിൽ തലപുകഞ്ഞ് ഹൈക്കമാൻഡ്. കടുത്ത നടപടി എന്ന വിരട്ടലിലും തർക്കം അവസാനിപ്പിക്കാൻ കഴിയാത്തതോടെ കേരളത്തിലെ നേതാക്കളോട് തന്നെ അഭിപ്രായം തേടുകയാണ് പുതിയ പദ്ധതി. നേതാക്കളെ ഒന്നിച്ചിരുത്താൻ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും നടക്കുന്നുമില്ല.

2026ൽ അധികാര കസേര ലക്ഷ്യമിടുന്ന കേരളത്തിലെ കോൺഗ്രസിനെ ആദ്യം തിരുത്തിയത് മുൻ മുഖ്യമന്ത്രി എ.കെ ആന്റണിയാണ്. ആദ്യം 2025ലെ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയട്ടെ എന്നായിരുന്നു ശാസന. നേതാക്കൾ ഒന്ന് നന്നായോ എന്ന് രണ്ടാഴ്ച വെറുതേ തോന്നിപ്പിച്ചു. ഐക്യകാഹളം മുഴക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിന് പിന്നാലെ ഐക്യം കൂടുതൽ അകലെയായി. ഐക്യം വേണമെന്ന് പറഞ്ഞ യോഗത്തിൽ നേതാക്കൾ പരസ്പരം തല്ലുകൂടി. യോഗ വിവരങ്ങൾ പുറത്തു പോയത് ഐക്യത്തെ ബാധിച്ചു. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒന്നിച്ചൊരു വാർത്താസമ്മേളനം യോഗ തീരുമാനമായിരുന്നു. പിറ്റേദിവസം തന്നെ നടത്തുമെന്ന് പ്രഖ്യാപിച്ച വാർത്താ സമ്മേളനം ഇതുവരെയും നടത്താനായില്ല. ഇനിയെന്നെന്ന് നേതാക്കൾക്കും അറിയില്ല.

നേതാക്കളെ വിരട്ടാൻ നോക്കിയ ഹൈക്കമാൻഡ് ഇപ്പോൾ അയഞ്ഞ മട്ടാണ്. നിങ്ങൾ തന്നെ കാര്യങ്ങൾ തീരുമാനിക്കൂ എന്നതാണ് ലൈൻ. നേതാക്കളുടെ മനസ്സിലിരിപ്പ് അറിയാൻ കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നേരിട്ടിറങ്ങി. ഓരോരുത്തരെയും കണ്ട് അഭിപ്രായം ശേഖരിച്ചു. കണ്ടവർക്ക് ഓരോരുത്തർക്കും ഓരോന്നാണഭിപ്രായം. പലതട്ടിൽ കഴിയുന്ന നേതാക്കളെ കൂട്ടി എങ്ങനെ തിരഞ്ഞെടുപ്പിന് നേരിടും എന്നതാണ് ഇപ്പോഴത്തെ ചിന്ത. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപേ പുനസംഘടന ഉണ്ടായേക്കും. കെ.പി.സി.സി അധ്യക്ഷനെ ഉൾപ്പെടെ മാറ്റിയുള്ള പുനഃസംഘടനയകുമോ എന്നതാണ് ആകാംക്ഷ.