KeralaTop News

കല രാജു കൂറുമാറിയത് കോണ്‍ഗ്രസ് വാഗ്ദാനത്തിന് പുറത്തെന്ന് സൂചിപ്പിക്കുന്ന വിഡിയോ പുറത്തുവിട്ട് സിപിഐഎം; ഭീഷണിപ്പെടുത്തി ഷൂട്ട് ചെയ്തതെന്ന് കല

Spread the love

എറണാകുളം കൂത്താട്ടുകുളത്ത് തട്ടിക്കൊണ്ടുപോയ കൗണ്‍സിലര്‍ കലാ രാജുവിനെതിരായ വീഡിയോ പുറത്തുവിട്ട് സിപിഐഎം. കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനത്തിന്റെ പുറത്താണ് കലാ രാജു കൂറുമാറ്റത്തിന് തയ്യാറായതെന്ന് ആരോപണം സാധൂകരിക്കുന്ന വീഡിയോയാണ് പുറത്തായത്. ദൃശ്യങ്ങള്‍ പകര്‍ത്തിയത് തന്നെ ഭീഷണിപ്പെടുത്തിയെന്ന് കലാ രാജു പ്രതികരിച്ചു.

സിപിഐഎം ഭരിക്കുന്ന സഹകരണ ബാങ്കിലെ സാമ്പത്തിക ബാധ്യതയെ ചൊല്ലിയാണ് കലാ രാജു പാര്‍ട്ടിയുമായി അകലുന്നത്. സാമ്പത്തിക ബാധ്യത തീര്‍ക്കാമെന്ന കോണ്‍ഗ്രസ് വാഗ്ദാനം ചെയ്‌തെന്ന് കലാ രാജു തന്നെ സഹ കൗണ്‍സിലര്‍മാരോട് സമ്മതിക്കുന്ന വീഡിയോയാണ് സിപിഐഎം പുറത്ത് വിട്ടത്.

തന്നെ ഭീഷണിപ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കലാ രാജു പ്രതികരിച്ചു. തട്ടിക്കൊണ്ടു പോകല്‍ കേസില്‍ പ്രതിരോധത്തിലായ പാര്‍ട്ടി കൂടുതല്‍ നടപടികളിലേക്ക് കടക്കുകയാണ്. കൂത്താട്ടുകുളത്തെ എല്ലാവീടുകളിലും കയറി കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ പറഞ്ഞു. പ്രതിഷേധത്തിനിടെ പോലീസിനെ ആക്രമിച്ച കേസില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ പ്രതിചേര്‍ത്തു. പൊലീസ് എടുത്ത വിവിധ കേസുകളില്‍ കോണ്‍ഗ്രസ് -സിപിഐഎം നേതാക്കളുടെ അറസ്റ്റ് കലാ രാജുവിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും.

CPIM released video about kala raju congress connection