KeralaTop News

പ്രതിഷേധിക്കുന്നവര്‍ വൈകിട്ട് മദ്യപിക്കാന്‍ പോകുമോ എന്ന് കൂടി പരിശോധിക്കണം; എലപ്പുള്ളിയിലെ മദ്യനിര്‍മാണശാല പ്രതിഷേധം സംബന്ധിച്ച് ബിജെപിയില്‍ ഭിന്നത

Spread the love

പാലക്കാട് എലപ്പുളളിയിലെ മദ്യനിര്‍മ്മാണശാല സംബന്ധിച്ച പ്രതിഷേധത്തില്‍ ബിജെപിയില്‍ ഭിന്നത. ജലചൂഷണം ഇല്ലെങ്കില്‍ കമ്പനി പ്രവര്‍ത്തിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ ചോദിച്ചു. പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ വൈകിട്ട് മദ്യപിക്കാന്‍ പോകുന്നുണ്ടോ എന്ന് കൂടി പരിശോധിക്കണമെന്നും ശിവരാജന്‍ പറഞ്ഞു. മദ്യനിര്‍മ്മാണശാലയ്‌ക്കെതിരെ ബിജെപി കടുത്ത പ്രതിഷേധമുയര്‍ത്തുന്നതിനിടെ പദ്ധതിയെ പിന്തുണയ്ക്കുന്ന ശിവരാജന്റെ പ്രതികരണം ബിജെപിക്ക് തലവേദയാകുകയാണ്.

ഒടുപാട് പേര്‍ക്ക് ജോലി കിട്ടാന്‍ സാധ്യതയുളള പദ്ധതിയെന്ന നിലയില്‍ മദ്യനിര്‍മ്മാണശാലയെ എതിര്‍ക്കേണ്ടതില്ലെന്നാണ് എന്‍ ശിവരാജന്‍ പറയുന്നത്. ഒരു ഭാഗത്ത് ബിജെപി മുന്നില്‍ നിന്ന് പദ്ധതിക്കെതിരെയുളള പ്രതിഷേധം നയിക്കുമ്പോഴാണ് ദേശീയ കൗണ്‍സില്‍ അംഗത്തിന്റെ ഭിന്നാഭിപ്രായം. പ്രതിഷേധത്തെപ്പറ്റി മുതിര്‍ന്ന നേതാവായ തന്നോട് കൂടിയാലോചന നടത്താത്തതിലും ശിവരാജന് അതൃപ്തിയുണ്ട്.

അതേസമയം പദ്ധതിക്ക് കിന്‍ഫ്ര അുവദിച്ചാലും മലമ്പുഴ ഡാമില്‍ നിന്ന് വെളളം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തായി. 2017ല്‍ തന്നെ കൃഷി ആവശ്യത്തിനല്ലാതെ മലമ്പുഴയില്‍ നിന്ന് വെളളം നല്‍കാനാകില്ലെന്ന് ഇറിഗേഷന്‍ വകുപ്പ് ജില്ലാ കളക്ടറേ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കുടിവെളളക്ഷാമം രൂക്ഷമായ ജില്ലയില്‍ പദ്ധതിക്ക് അനുമതി നല്‍കിയ എക്സൈസ് വകുപ്പ് നടപടിയില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ മന്ത്രി എംബി രാജേഷിന്റെ വസതിലേക്ക് പ്രതിഷേധപ്രകടനം നടത്തി. കാലിക്കുടങ്ങളുമായാണ് മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ എത്തിയത്.