‘പുറത്തിറങ്ങിയാല്‍ കാണിച്ച് തരാം’; മൊബൈല്‍ ഫോണ്‍ പിടിച്ചു വച്ചതിന് പ്രധാനാധ്യാപകന് നേരെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൊലവിളി
പാലക്കാട് സ്‌കൂളിലെ പ്രധാനാധ്യാപകന് നേരെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൊലവിളി. മൊബൈല്‍ ഫോണ്‍ പ്രധാനധ്യാപകന്‍ പിടിച്ചുവച്ചതാണ് പ്രകോപനം. പുറത്തിറങ്ങിയാല്‍ കാണിച്ച് തരാം എന്നാണ് അധ്യാപകരോട് വിദ്യാര്‍ത്ഥിയുടെ ഭീഷണി.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവം. മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്ന് കുട്ടികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ കുട്ടി സ്‌കൂളില്‍ ഫോണ്‍ കൊണ്ടു വരികയും പ്രധാനധ്യാപകന്‍ പിടിച്ചുവയ്ക്കുകയുമായിരുന്നു.
ഇത്തരത്തിലുള്ള ആന്റി സോഷ്യല്‍ ഡിസോര്‍ഡര്‍ കൗമാരക്കാരില്‍ നിരന്തരം പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമുണ്ടെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ഷജേഷ് ഭാസ്‌കര്‍ പ്രതികരിച്ചു. റിഫോര്‍മേഷന്‍ പ്രക്രിയയിലൂടെ കുട്ടികള്‍ അത് തിരുത്തുന്നുമുണ്ട്. പാരമ്പര്യമായ പ്രശ്‌നങ്ങള്‍, സമപ്രായക്കാരായവരുടെ സ്വാധീനം, സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം എന്നിവയെല്ലാമായിരിക്കാം ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.