Wednesday, January 22, 2025
Latest:
NationalTop News

അഞ്ചുദിവസത്തെ ആശുപത്രി വാസം; വീട്ടിലേക്ക് മടങ്ങി സെയ്ഫ് അലി ഖാന്‍

Spread the love

അഞ്ചുദിവസത്തെ ആശുപത്രി വാസത്തിനുശേഷം സെയ്ഫ് അലി ഖാന്‍ വീട്ടിലേക്ക് മടങ്ങി. തന്റെ സ്ഥിരം വസതിയായ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സിലേക്കാണ് താരം മടങ്ങിയത്. കയ്യിലും കഴുത്തിലും ചെവിക്ക് പുറകിലും ബാന്‍ഡേജ് കാണാം. ആരാധകരെ താരം കൈവീശി കാണിച്ചു.

അതേസമയം, കേസന്വേഷണത്തിന്റെ ഭാഗമായി നടന്‍ ആക്രമണത്തിനിരയായ ഫ്‌ലാറ്റില്‍ പ്രതിയെ എത്തിച്ച് പോലീസ് നടന്ന സംഭവങ്ങള്‍ പുനരാവിഷ്‌കരിച്ചു. നേരം പുലരും മുന്‍പായിരുന്നു പ്രതിയെ ഫ്‌ളാറ്റില്‍ എത്തിച്ചുള്ള തെളിവെടുപ്പ്. പ്രതി മുഹമ്മദ് ഷെറീഫുള്‍ ഇസ്ലാമിനെ ആദ്യം ബാന്ദ്രാ റെയിവേ സ്റ്റേഷനില്‍ എത്തിച്ചു. അവിടെ നിന്ന് നടന്റെ ഫ്‌ളാറ്റിലേക്ക് എത്തിക്കുകയായിരുന്നു.

ഫയര്‍ എക്‌സിറ്റ് ഗോവണി വഴി ഏഴാം നിലയില്‍ എത്തിയെന്നും അവിടെ നിന്ന് പൈപ്പില്‍ വലിഞ്ഞ് കയറിയെന്നുമാണ് പ്രതിയുടെ മൊഴി. അക്കാര്യങ്ങള്‍ പൊലീസ് പുനരാവിഷ്‌കരിച്ചു. തുടര്‍ന്ന് നടനുമായുണ്ടായ സംഘര്‍ഷം പ്രതീകാത്മകമായി പുനരാവിഷ്‌കരിച്ചു. ഗോവണി, കുളിമുറിയുടെ ജനല്‍, പൈപ്പ് എന്നിവിടങ്ങളില്‍ നിന്നും പ്രതിയുടെ 19 വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് നിര്‍ണായക തെളിവാകും.

ബംഗ്ലാദേശിലെ രാജ്ഭാരിയിലാണ് സ്വദേശമെന്നും നാട്ടിലേക്ക് പോകുന്നതിന് പണം കണ്ടെത്താനാണ് മോഷണത്തിന് ശ്രമിച്ചതെന്നും പ്രതി മൊഴി നല്‍കി. താന്‍ ബംഗ്ലദേശില്‍ ഗുസ്തി താരമാണെന്നും ഇയാള്‍ പറയുന്നു. കുറ്റകൃത്യം നടത്താന്‍ പുറത്ത് നിന്ന് പ്രതിക്ക് സഹായം കിട്ടിയോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.