KeralaTop News

എൻ എം വിജയന്റെ കുടുംബത്തെ സന്ദർശിക്കും; കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങില്ല’; കെ സുധാകരൻ

Spread the love

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തോട് സഹകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കുടുംബത്തോട് സഹതാപമുണ്ടെന്നും കുടുംബത്തെ സന്ദർശിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്നും തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.

കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കെ സുധാകരൻ പറഞ്ഞു. വയനാട് ഡിസിസിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. തന്നെ കേസിലേക്ക് വലിച്ചിഴക്കുന്നത് ​ഗൂഢാലോചനയെന്ന് സുധാകരൻ ആരോപിച്ചു. മൊഴിയെടുക്കൽ രാഷ്ട്രീയ നീക്കമെന്ന് അദ്ദേഹം പറ‍ഞ്ഞു. അന്വേഷണ സംഘം എന്നെ വന്ന് കണ്ട് സംസാരിച്ച് ബോധ്യപ്പെടുത്തട്ടെയെന്ന് കെ സുധാകരൻ പറ‍ഞ്ഞു.

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കി. മുഖ്യമന്ത്രി ആകാനും താനില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഇല്ല. തന്റെ സ്ഥാനം ജനങ്ങളുടെ മനസ്സിലാണെന്ന് കെ സുധാകരൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ് മാറുമ്പോൾ പ്രതിപക്ഷ നേതാവും മാറണമെന്നില്ല. പാർട്ടിയിൽ നേതൃമാറ്റ ചർച്ചയില്ല. യുക്തി സഹമായ തീരുമാനം എഐസിസിക്ക് എടുക്കാം. ദീപ ദാസ് മുൻഷി ഒറ്റയ്ക്ക് നേതാക്കളെ കാണുന്നത് അവർക്ക് വിശ്വാസമില്ലാത്തതിനാലാണെന്ന് കെ സുധാകരൻ പറഞ്ഞു.

കെപിസിസി നേതൃമാറ്റത്തിൽ ചർച്ചക്ക് തുടക്കമിട്ടിരിക്കുകയാണ് ഹൈക്കമാൻഡ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട നേതാക്കളെ പ്രത്യേകം കണ്ട് നേതൃമാറ്റം സംബന്ധിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയാണ്. രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ, സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളെ കഴിഞ്ഞദിവസം എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കണ്ടിരുന്നു. കെപിസിസിയിൽ പുനഃസംഘടന വേണമെന്ന അഭിപ്രായമാണ് ഹൈക്കമാൻഡിനും ഉള്ളത്.