ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യ നാളെ ടി20 പരമ്പരക്ക്; എതിരാളികള്‍ ഇംഗ്ലണ്ട്
ബോര്‍ഡര്‍ ഗാവാസ്‌കര്‍ ട്രോഫി ടെസ്റ്റിലെ മോശം പ്രകടനങ്ങള്‍ക്ക് ശേഷം ടീം ഇന്ത്യ നാളെ ഇംഗ്ലണ്ടുമായുള്ള ട്വന്റി ട്വന്റി മത്സര പരമ്പര സ്വന്തമാക്കാന്‍ ഇറങ്ങും. അടുത്ത മാസം ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന് അവരുടെ ആദ്യ എതിരാളിയാണ് ഇന്ത്യ. നാളെ തുടങ്ങുന്ന ട്വന്റി ട്വന്റി പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. ഇന്ത്യ ആതിഥ്യമരുളുന്ന പരമ്പരയിലെ ആദ്യ മാച്ച് വൈകുന്നേരം ഏഴിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടന്ന നാല് മത്സരങ്ങളുണ്ടായിരുന്ന ട്വന്റി ട്വന്റി പരമ്പരയില്‍ ഇന്ത്യയെ നയിച്ച സൂര്യകുമാര്‍ യാദവ് ഏകദേശം രണ്ട് മാസത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്ന പരമ്പര കൂടിയാണിത്. എല്ലാത്തിനും ഉപരി 2023 ഏകദിന ലോകകപ്പിന് ശേഷം ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്ന മുഹമ്മദ് ഷമിയിലാണ് എല്ലാ കണ്ണുകളും. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവര്‍ക്കൊപ്പം മുഹമ്മദ് ഷമിയായിരിക്കും ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിനെ നയിക്കുക. വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരടങ്ങിയ ശക്തമായ ഒരു സ്പിന്‍ യൂണിറ്റും ടീം ഇന്ത്യക്കുണ്ട്. വിക്കറ്റ് കീപ്പിംഗ് സഞ്ജു സാംസണും ധ്രുവ് ജുറലും പങ്കിടും.
മറുവശത്ത് ഇംഗ്ലണ്ടിനെ ടീമിനെ ജോസ് ബട്ട്ലര്‍ നയിക്കും. യുവതാരങ്ങളും പരിചയസമ്പന്നരായ കളിക്കാരും അടങ്ങുന്നതാണ് ഇംഗ്ലീഷ് നിര. ലിയാം ലിവിംഗ്സ്റ്റണ്‍, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവര്‍ക്കൊപ്പം പരമ്പരക്കുള്ള വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഹാരി ബ്രൂക്ക് കൂടി നാളത്തെ പ്ലെയിങ് ഇലവനില്‍ ഉണ്ടാകും. ട്വന്റി ട്വന്റി ഫോര്‍മാറ്റില്‍ തിളങ്ങുന്ന 21 കാരനായ ജേക്കബ് ബെഥേല്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കൂടുതല്‍ റണ്‍സടിക്കുമോ എന്നതായിരിക്കും ക്രിക്കറ്റ് പ്രേമികളുടെ നോട്ടങ്ങളിലൊന്ന്.