KeralaTop News

ഡിസിസി ട്രഷറർ എൻ.എം വിജയന്റെയും മകന്റെയും ആത്മഹത്യ; കെ.സുധാകരനെ ചോദ്യം ചെയ്തേക്കും

Spread the love

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ മൊഴിയെടുക്കാൻ പൊലീസ്. കെ സുധാകരന് എൻ എം വിജയൻ കത്തയച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് മൊഴിയെടുക്കുന്നത്. 2022- ൽ കെ സുധാകരന് എഴുതിയ കത്ത് പൊലീസ് കണ്ടെത്തിയിരുന്നു.

ആത്മഹത്യാക്കുറിപ്പിനും കോൺഗ്രസ് നേതാക്കൾക്കുള്ള എട്ടു പേജുള്ള കത്തിനും പുറമേ മറ്റൊരു കത്തു കൂടി പോലീസിന് ലഭിച്ചു. 2022 ൽ കെ സുധാകരന് എഴുതിയ പരാതിയാണ് ലഭിച്ചിട്ടുള്ളത്.വെട്ടിത്തിരുത്തിയ നിലയിലാണ് ഈ കത്ത് ഉള്ളത്. മകനുള്ള കത്താണ് ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് വിജയൻ തയ്യാറാക്കിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഈ കത്തിൽ എഴുതിയത് പ്രകാരം നടത്തിയ തെരച്ചിലിലാണ് മറ്റു കത്തുകൾ കണ്ടെത്തിയത്.

എന്‍ എം വിജയന്റെ കത്ത് വായിച്ചിരുന്നുവെന്ന് നേരത്തെ കെ സുധാകരൻ സമ്മതിച്ചിരുന്നു. കത്തില്‍ പുറത്ത് പറയേണ്ട കാര്യങ്ങള്‍ ഒന്നുമില്ലെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. നേരത്തെ തന്നെ വിഷയം ചര്‍ച്ച ചെയ്തിരുന്നു. സമചിത്തത പാലിക്കണമെന്ന് നേതാക്കളോട് പറഞ്ഞിരുന്നു. പച്ചമലയാളത്തില്‍ എല്ലാവരും തൂങ്ങും, മാന്യമായി കൈകാര്യം ചെയ്യണമെന്ന് പറഞ്ഞിരുന്നു. ഐസി ബാലകൃഷ്ണനോട് ഉള്‍പ്പെടെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും കെ സുധാകരൻ പ്രതികരിച്ചിരുന്നു.

ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 27ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എൻ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോൺഗ്രസ് നേതാക്കൾക്ക് കുരുക്കായത്.