NationalTop News

‘പരിസ്ഥിതി നശിപ്പിച്ചതിന് നഷ്ടപരിഹാരം വേണം’; മെഡിക്കൽ മാലിന്യം തള്ളിയ സംഭവത്തിൽ ആവശ്യവുമായി തമിഴ്നാട്

Spread the love

തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം തള്ളിയ സംഭവത്തിൽ കേരളത്തോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ. ഹരിത ട്രൈബ്യൂണൽ ബെഞ്ചിന് മുന്നിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. പരിസ്ഥിതി നശിപ്പിച്ചതിന് നഷ്ടപരിഹാരം വേണം. മാലിന്യം നിക്ഷേപിച്ചവർക്കെതിരെ കേരളം നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തതെന്നും നഷ്ടപരിഹാരം നൽകുന്നതിൽ എന്ത് നടപടിയെടുത്തെന്ന് കേരളം വിശദീകരിക്കണമെന്ന് ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കി. കേസ് മാർച്ച് 24 ലേക്ക് നീട്ടി.

സംഭവത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ എടുത്ത കേസില്‍ വാദം തുടങ്ങിയപ്പോൾ തന്നെ സംസ്ഥാനത്തിന് നേരെ വിമർശനം ഉണ്ടായിരുന്നു. ആര്‍സിസി ഉള്‍പ്പടെയുള്ളവയ്‌ക്കെതിരെ നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന് ട്രിബ്യൂണല്‍ ചോദിച്ചു. കേരളത്തിലെ മെഡിക്കല്‍ മാലിന്യം തമിഴ്നാട്ടിലെ അതിര്‍ത്തികളില്‍ തള്ളേണ്ട ആവശ്യം എന്താണെന്നും ചോദ്യമുയര്‍ന്നിരുന്നു. മാലിന്യം തള്ളിയ ആശുപത്രികള്‍ക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും ട്രൈബ്യൂണല്‍ ദക്ഷിണ മേഖല ബെഞ്ച് ചോദിച്ചു.

അതേസമയം, കേരളത്തിൽ നിന്ന് ആശുപത്രികളിലെ മെഡിക്കൽ മാലിന്യങ്ങൾ വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളിയ സംഭവം വലിയ വിവാദമായിരുന്നു. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിച്ച വിഷയത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ കേസെടുത്തതിന് പിന്നാലെയാണ് കുറ്റക്കാരെ പിടികൂടാനായത്. കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെ സംഭവത്തിൽ ഉൾപ്പെട്ട പ്രതികള്‍ അറസ്റ്റിലായിരുന്നു. മാലിന്യം തള്ളിയതിനും പൊതുജനാരോഗ്യം ഹനിച്ചതിനുമാണ് ഒന്നിലധികം കേസുകൾ രജിസ്ടർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറയുന്നു.