മസ്തകത്തിൽ മുറിവേറ്റ കാട്ടാനയ്ക്ക് ചികിത്സ ഉറപ്പാക്കാൻ ഇരുപതംഗ സംഘം; ദൗത്യത്തിന്റെ ഭാഗമാകാൻ കുംകിയാനകളും
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഇരുപതംഗ സംഘമെത്തുന്നു. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് നാളെ അതിരപ്പിള്ളിയിലെത്തുക. വിക്രം, സുരേന്ദ്രൻ എന്നീ കുംകിയാനകളും ദൗത്യത്തിന്റെ ഭാഗമാകും.
കാട്ടാനയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിക്കാൻ വനംവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. കാട്ടാന ശ്വാസം എടുക്കുമ്പോൾ മുറിവിൽ നിന്ന് പഴുപ്പ് പുറത്തേക്ക് തള്ളുകയാണ്. ആനയെ മയക്കുവെടിവെച്ച് പിടികൂടി ചികിത്സ നൽകാനാണ് തീരുമാനം. ദിവസങ്ങൾക്കു മുൻപാണ് മസ്തകത്തിൽ മുറിവേറ്റ നിലയിൽ അതിരപ്പിള്ളിയിൽ കാട്ടാനയെ കണ്ടെത്തുന്നത്. തലയിൽ വെടിയേറ്റ മുറിവാണെന്ന ആരോപണമുയർന്നിട്ടുണ്ട്. എന്നാസ്‍ മസ്തകത്തിൽ എങ്ങനെയാണ് മുറിവേറ്റത് എന്നതിൽ വ്യക്തതയില്ല.
ആനയെ നിരീക്ഷിച്ച് വരുകയാണ്. പരുക്കേറ്റ ആനയെ മയക്കുവെടി വെക്കും. ശേഷം കുംകിയാനകളെ ഉപയോഗിച്ച് ചികിത്സ ഉറപ്പാക്കും. പിന്നീട് കാട്ടാനയെ കാട്ടിലേക്ക് മടക്കി അയക്കും. നാളെ വൈകുന്നേരത്തോടെ ദൗത്യ സംഘം അതിരപ്പള്ളിയിലേക്ക് എത്തും. മറ്റന്നാള് ദൗത്യം ആരംഭിക്കും.ആനയുടെ മസ്തകത്തിലെ മുറിവ് എങ്ങനെയുണ്ടായി എന്ന് കണ്ടെത്തും. കുംകിയാനകളുടെ മുകളിലിരുന്നാണ് ചികിത്സ നൽകുക.
മുൻഭാഗത്തെ എയർസെല്ലുകൾക്ക് അണുബാധയേറ്റെന്ന് വനം വകുപ്പ് പറയുന്നു. ഏതെങ്കിലും തരത്തിലുള്ള മെറ്റൽ മസ്തകത്തിൽ ഉണ്ടോ എന്ന് പരിശോധിക്കും. ഇതിനായി മെറ്റൽ ഡിക്ടറ്റർ ഉപയോഗിച്ച് പരിശോധിക്കും. അടുത്തെത്തി പരിശോധിച്ചാൽ മാത്രമേ ആനയുടെ സ്ഥിതി സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തു. ചികിത്സയ്ക്കായി ഒത്തുവരുന്ന സ്ഥലത്ത് ആന എത്തുമ്പോൾ മാത്രമേ ദൗത്യം ആരംഭിക്കൂ.