ഷാരോണ്‍ രാജ് വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ
തിരുവനന്തപുരം : തിരുവനന്തപുരം പാറശ്ശാലയിലെ ഷരോൺ രാജ് വധക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്മക്ക് വധശിക്ഷ . നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് എ.എം ബഷീറാണ് വിധി പ്രഖ്യാപിച്ചത്. ഗ്രീഷ്മക്കും ഷാരോണിനും ഒരേ പ്രായമായതുകൊണ്ട് പ്രായത്തിന്റെ ഇളവ് നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പൊലീസ് അതിസമർഥമായി കേസ് അന്വേഷിച്ചുവെന്ന് കോടതി അഭിനന്ദിച്ചു. മാറിയ കാലത്തിന് അനുസരിച്ച് അന്വേഷണം നടത്തിയെന്നും ഒരു ഉദ്യോഗസ്ഥന്റെയും പേരെടുത്ത് പറയുന്നില്ല എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും കോടതി പറഞ്ഞു.
അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് ഗ്രീഷ്‌മയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഗ്രീഷ്മക്ക് ചെകുത്താൻ ചിന്തയാണെന്നും ബോധപൂർവം പദ്ധതി തയ്യാറാക്കി ഷാരോണിനെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഒരു സ്ത്രീക്ക് സഹിക്കാൻ കഴിയുന്നതിനപ്പുറമുള്ള മാനസിക പീഡനം ഷാരോണിൽ നിന്ന് ഗ്രീഷ്മയ്ക്ക് നേരിടേണ്ടിവന്നു എന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.