KeralaTop News

ഷാരോൺ കേസ്; ‘വധശിക്ഷ കൊടുക്കാവുന്ന കേസായി തോന്നിയില്ല, ജീവപര്യന്തം കൊടുക്കാമായിരുന്നു’; ജസ്റ്റിസ്. കെമാൽ പാഷ

Spread the love

ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് ശിക്ഷയായി ജീവപര്യന്തം തടവ് കൊടുക്കാമായിരുന്നുവെന്ന് ഹൈക്കോടതി റിട്ട ജസ്റ്റിസ് കെമാൽ പാഷ. ഒരു വധശിക്ഷ കൊടുക്കാൻ പറ്റിയ കേസായിട്ട് തോന്നുന്നില്ല. ഇത് മേല്‍ക്കോടതിയില്‍ നിലനില്‍ക്കാന്‍ സാധ്യത കുറവാണ്. ഗ്രീഷ്മയെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന സമ്മര്‍ദം ഷാരോണ്‍ ഒരുക്കിയത് കോടതി പരിഗണിക്കേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കഷായത്തിനകത്ത് വിഷം കലർത്തി കൊടുത്തതാണ്. ഈ കഷായം വാങ്ങിച്ച് കുടിക്കാൻ പോയതെന്തിനാണെന്ന് നമ്മളൊന്ന് ആലോചിക്കണം.തനിക്ക് കിട്ടാത്തത് വേറെ ആരും അനുഭവിക്കേണ്ടെന്ന് പറഞ്ഞ് ഗ്രീഷ്മയെ ഷാരോണ്‍ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്. അതിന്‍റെ സത്യാവസ്ഥ നമുക്ക് അറിയില്ല. ജീവപര്യന്തത്തില്‍ നില്‍ക്കേണ്ട കേസാണെന്നാണ് തോന്നുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ല ഇതെന്നും ജ.കെമാല്‍പാഷ അഭിപ്രായപ്പെട്ടു.

ഗ്രീഷ്മയുടെ ആത്മഹത്യശ്രമം കേസിനെ വഴിതിരിച്ചുവിടാന്‍ വേണ്ടി മാത്രമായിരുന്നെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. വിവാഹമുറപ്പിച്ച ശേഷവും ഗ്രീഷ്മ ഷാരോണുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. ബന്ധം അവസാനിപ്പിക്കാന്‍ ഉറപ്പിച്ചാല്‍ കമിതാവിന് വിഷം നല്‍കി കൊലപ്പെടുത്തുക എന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി ചൂണ്ടിക്കാട്ടി. പരമാവധി ശിക്ഷ നല്‍കരുതെന്ന് നിയമമില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, മാധ്യമവാര്‍ത്തകള്‍ നോക്കിയല്ല ഈ കേസില്‍ ശിക്ഷ വിധിച്ചതെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമാക്കി. ഗ്രീഷ്മയ്‌ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ കൃത്യമായി ശേഖരിച്ച അന്വേഷണസംഘത്തെ കോടതി അഭിനന്ദിച്ചു. ജ്യൂസ് ചലഞ്ച് നടത്തിയ വിഡിയോ ഷാരോണ്‍ മുന്‍പ് റെക്കോര്‍ഡ് ചെയ്ത് വച്ചതാണ് ഗ്രീഷ്മയ്ക്ക് കൂടുതല്‍ കുരുക്കായത്. ഗ്രീഷ്മയ്‌ക്കെതിരെ വധശ്രമവും ഇതോടെ തെളിഞ്ഞിട്ടുണ്ടെന്നും ഗ്രീഷ്മ മുന്‍പും കൊലയ്ക്ക് ശ്രമിച്ചെന്നും കോടതി വ്യക്തമാക്കി. പ്രതിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മക്ക് പരമാവധി ശിക്ഷ വാങ്ങിനല്‍കുന്നതില്‍ പൊലീസും പ്രോസിക്യൂഷനും പുലര്‍ത്തിയത് അതീവ ജാഗ്രതയാണ്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി എസ് വിനീത് കുമാര്‍ വാദിച്ച നാലാമത്തെ കേസിലാണ് പ്രതിക്ക് വധശിക്ഷ ലഭിക്കുന്നത്.

2 വർഷം ഷാരോൺ രാജിൻ്റെ കുടുംബം നടത്തിയ നിയമ പോരാട്ടമാണ് ഒടുവിൽ വിജയത്തിലെത്തിയത്. കുടുംബം ആഗ്രഹിച്ച വിധി വന്നപ്പോൾ കോടതയിൽ വൈകാരിക നിമിഷങ്ങൾ. കണ്ണീരോടെ ജഡ്ജിയെ തൊഴുത് നന്ദി രേഖപ്പെടുത്തി. തൻ്റെ പൊന്നു മോനായി ദൈവം ജഡ്ജിയുടെ രൂപത്തിൽ നേരിട്ടെത്തി വിധി പറഞ്ഞെന്ന് മാതാവ് പ്രിയ പറഞ്ഞു.