KeralaTop News

‘പാരസെറ്റമോൾ എങ്ങനെ വിഷമായി ഉപയോഗിക്കാം’; ദുരൂഹതകളുടെ ചുരുളഴിച്ച് ഡിജിറ്റൽ തെളിവുകൾ; വിനയായി ഗ്രീഷ്മയുടെ ഫോൺ റെക്കോർഡുകൾ

Spread the love

നാടിനെ ഞെട്ടിച്ച പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വിനയായത് ഗ്രീഷ്മയുടെ തന്നെ ഫോൺ റെക്കോർഡുകൾ. ഗ്രീഷ്മയുടെ ഈ സംഭാഷണങ്ങൾ സാഹചര്യ തെളിവുകൾക്ക് കരുത്തു പകരുന്നതെന്നു വിധി ന്യായം. ഗ്രീഷ്മ കൃത്യം ചെയ്തില്ലെന്നു വിശ്വസിക്കാൻ കഴിയില്ലെന്ന് കോടതി വിധിയിൽ പറ‍ഞ്ഞു.

ഷാരോണിനെ ബുദ്ധിപരമായി വീട്ടിലെത്തിക്കാൻ നീക്കം നടത്തിയതിന് തെളിവുകൾ ഉണ്ട്. സ്നേഹം പുരട്ടിയ വാക്കുകൾ ഇതിനായി ഉപയോഗിച്ചുവെന്നും എന്നാൽ വാക്കുകളിൽ ഗ്രീഷ്മ വിഷം ഒളിപ്പിച്ചിരുന്നുവെന്നും വിധിന്യായം. ‘ഷാരോണിന് കഷായം നൽകിയിരുന്നു’, ‘ഷാരോൺ പച്ച നിറത്തിൽ ഛർദ്ദിച്ചു’, ‘മെഡിക്കൽ സ്റ്റോറിൽ നിന്നും കഷായം വാങ്ങിയിരുന്നു’ തുടങ്ങിയ ഫോൺ റെക്കോർഡുകളാണ് ​ഗ്രീഷ്മയ്ക്ക് വിനയായത്.

കൂടാതെ കേസിലെ ദുരൂഹതകളുടെ ചുരുളഴിച്ചത് ഡിജിറ്റൽ തെളിവുകളാണ്. പാരസെറ്റമോൾ എങ്ങനെ വിഷമായി ഉപയോഗിക്കാമെന്ന് ​ഗ്രീഷ്മ ​ഗൂ​ഗിളിൽ തിരഞ്ഞിരുന്നു. 23 തവണയാണ് ജ്യൂസ് ചലഞ്ച് ദിവസം ഗ്രീഷ്മ ഇത് ഗൂഗിളിൽ തിരഞ്ഞത്. ഇതും നിർണ്ണായകമായെന്നു ശിക്ഷ വിധി. സംഭവ ദിവസം ഷാരോണിനെ വീട്ടിലെത്തിക്കാൻ ഗ്രീഷ്മ ശക്തമായി പരിശ്രമിച്ചിരുന്നു. പാരസെറ്റാമോളിലും ജ്യൂസ് ചലഞ്ചിലും തുടങ്ങി പാരാക്വാറ്റ് വിഷത്തിലും കളനാശിനികളിലും വരെയെത്തിയ ഗ്രീഷ്മയുടെ അതിസൂക്ഷ്മ ക്രിമിനൽ ബുദ്ധി ഒടുവിൽ കൊലക്കയറിലെത്താനിരിക്കുകയാണ്.

ഷാരോൺ വധക്കേസിൽ തൂക്കുകയർ വിധിക്കപ്പെട്ടതോടെ വധശിക്ഷക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയായി മാറിയിരിക്കുകയാണ് പ്രതി ഗ്രീഷ്മ. പ്രായത്തിന്റെ ആനുകൂല്യം നൽകാൻ കഴിയില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കിയിരുന്നു. തെളിവ് നശിപ്പിച്ചതിന് അമ്മാവൻ നിർമല കുമാരൻ നായർക്ക് മൂന്ന് വർഷം തടവും കോടതി വിധിച്ചു. ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും, പ്രതി സമർത്ഥമായി കുറ്റകൃത്യം നടത്തിയെന്നും നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ചൂണ്ടിക്കാട്ടി. ആത്മാർത്ഥമായി സ്നേഹിച്ച ഷാരോണിനോട് ഗ്രീഷ്മ കാട്ടിയത് അതിക്രൂരമായ വിശ്വാസ വഞ്ചനയെന്നും കോടതി അഭിപ്രായപ്പെട്ടു.