KeralaTop News

‘കടുത്ത ഭിന്നതകൾക്കിടയിലും നേതൃത്വം ഒറ്റക്കെട്ട്’; നേതാക്കൾ മാധ്യമങ്ങളെ കാണും, തർക്കത്തിന് പിന്നാലെ നീക്കം

Spread the love

തിരുവനന്തപുരം: നേതാക്കൾക്കിടയിലെ കടുത്ത ഭിന്നതകൾക്കിടെ പാർട്ടി നേതൃത്വം ഒറ്റക്കെട്ടാണെന്ന പ്രതീതി ഉണർത്താൻ കോൺഗ്രസ് നേതാക്കളുടെ സംയുക്ത വാർത്താ സമ്മേളനം ഇന്ന്. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ ഒന്നിച്ച് മാധ്യമങ്ങളെ കാണും. ഇതിനിടെ പുനസംഘടന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം അറിയാൻ കേരളത്തിന്റെ ചുമതയുള്ള സംഘടന ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നേതാക്കളുമായി ഒറ്റക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തും.

ഇന്നലെ നടന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കടുത്ത വിമർശനമാണ് നേതാക്കൾക്കെതിരെ ഉയർന്നത്. വിഡി സതീശനെതിരെ രൂക്ഷമായ വിമർശനമാണ് ഐ ഗ്രൂപ്പിൽ നിന്നും കെസി വേണുഗോപാൽ പക്ഷത്തു നിന്നും ഉയർന്നിരുന്നത്. വിഡി സതീശനെ നേതാക്കൾ വളഞ്ഞിട്ട് ആക്രമിച്ചു. ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ സതീശൻ ആരെന്ന് എപി അനിൽകുമാർ ചോദിച്ചു. പ്രതിപക്ഷ നേതാവിന്‍റെ വസതി കോൺഗ്രസുകാർക്ക് അഭയകേന്ദ്രമല്ലാതായെന്നും നേരത്തെ ഇങ്ങനെ അല്ലായിരുന്നു എന്നും ശൂരനാട് രാജശേഖരന്‍ വിമർശിച്ചു. തർക്കം രൂക്ഷമായപ്പോൾ കെസി വേണുഗോപാൽ ഇടപെട്ടാണ് അവസാനിപ്പിച്ചത്. തമ്മിലടി തുടർന്നാൽ ചുമതല ഒഴിയുമെന്ന് ദീപദാസ് മുൻഷിയും മുന്നറിയിപ്പ് നൽകി. അതേസമയം പിവി അൻവറിനെ എടുത്തുചാടി മുന്നണിയിലെടുക്കേണ്ടെന്നും ധാരണയായി.

വിഡി സതീശനെതിരെ വിമര്‍ശനം ഉന്നയിച്ച ശൂരനാട് രാജശേഖരൻ പ്രസ്താവന പിന്‍വലിക്കണമെന്ന് യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ ആരാണെന്ന് എപി അനിൽകുമാർ ചോദിച്ചതോടെ തനിക്ക് അതിനുള്ള അവകാശമില്ലേ എന്ന് സതീശൻ മറുചോദ്യം ഉന്നയിച്ചു. ഇതോടെ ഇരുവരും തമ്മിൽ തര്‍ക്കമായി. തർക്കം രൂക്ഷമായപ്പോൾ കെസി വേണുഗോപാൽ ഇടപെട്ടു. പ്രസംഗം മുഴുപ്പിക്കാതെ വി ഡി സതീശൻ ഇരുന്നു.

വയനാട്ടിലെ ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ കുടുംബത്തെ ആദ്യം തന്നെ ചേർത്ത് പിടിക്കണമായിരുന്നുവെന്നും അങ്ങനെ ചെയ്തിരുന്നെങ്കിൽ പാർട്ടിക്ക് ഇത്രയും ക്ഷീണം ഉണ്ടാകുമായിരുന്നില്ലെന്നും ശൂരനാട് വിമര്‍ശിച്ചു. ഐക്യം ഇല്ലെങ്കിൽ ചുമതല ഒഴിയാമെന്ന് ദീപാ ദാസ് മുൻഷി യോഗത്തിൽ മുന്നറിയിപ്പ് നൽകി. ഐക്യത്തോടെ മുന്നോട്ട് പോയാലേ വിജയം ഉണ്ടാകു. ഇല്ലെങ്കിൽ താൻ തുടരുന്നത് കൊണ്ട് കാര്യമില്ലെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പിടിവലിയിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനാണ് വിമര്‍ശനം ആരംഭിച്ചത്. മുഖ്യമന്ത്രി ആരായിരിക്കണമെന്ന ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് പിജെ കുര്യൻ യോഗത്തിൽ പറഞ്ഞു. മറ്റു നേതാക്കളും ഇക്കാര്യത്തെ പിന്തുണച്ച് വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച തെറ്റായ സന്ദേശം നൽകുമെന്ന വിമര്‍ശനവും ഉയര്‍ന്നു. യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും രാഷ്ട്രീയകാര്യ സമിതിയിൽ അഭിപ്രായം ഉയര്‍ന്നു. കെപിസിസി പുനഃസംഘടനയിൽ വ്യക്തമായ നിലപാട് വേണമെന്നും നേതാക്കള്‍ യോഗത്തിൽ അഭിപ്രായപ്പെട്ടു. ചർച്ചകൾ അനാവശ്യമായി നീട്ടിക്കൊണ്ടു പോകരുതെന്നും പിവി അൻവറിന്‍റെ യുഡിഎഫ് പ്രവേശത്തിൽ കൂട്ടായ തീരുമാനം വേണമെന്നും യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു.

മൂന്നാമതും പ്രതിപക്ഷത്ത്‌ ഇരിക്കാൻ വയ്യന്ന് നേതാക്കള്‍ യോഗത്തിൽ വിമര്‍ശനം ഉന്നയിച്ചു. നേതാക്കൾക്കിടയിലെ ഭിന്നിപ്പിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ വലിയ വിമര്‍ശനം ആണ് ഉയര്‍ന്നത്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും തമ്മിൽ ഐക്യം ഉണ്ടായെ മതിയാകുവെന്നും ഐക്യം വ്യക്തമാക്കാൻ സംയുക്ത വാർത്താ സമ്മേളനം വിളിക്കണമെന്നും അഭിപ്രായം ഉയര്‍ന്നു. ഇങ്ങനെ പോയാൽ മൂന്നാമതും പ്രതിപക്ഷത്തിരിക്കേണ്ടി വരും എന്ന് വിമർശനം. പറഞ്ഞാൽ തീരാത്ത പ്രശ്നങ്ങൾ പാർട്ടിയിൽ ഇല്ലെന്ന് കെസി വേണുഗോപാൽ യോഗത്തിൽ പറഞ്ഞു. അതേസമയം, പിവി അൻവറിനെ യുഡിഎഫിൽ എടുക്കുന്ന കാര്യത്തിൽ യോഗത്തിൽ തീരുമാനമായില്ല. തിടുക്കം വേണ്ടെന്ന് നേതാക്കൾക്കിടയിൽ അഭിപ്രായം ഉയര്‍ന്നു. രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കാര്യമായ ചർച്ച പോലും നടന്നില്ല.