മഹാകുംഭമേളയിൽ വൈറലായ ‘ഐഐടിയൻ ബാബയെ’ ജുന അഖാര സന്യാസ സമൂഹം പുറത്താക്കി
ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ മഹാകുംഭമേളയിൽ നിന്ന് വൈറലായ സന്യാസിയാണ് ഐഐടിയൻ ബാബ. ഐഐടി ബോംബെയിൽ എയ്റോസ്പേസ് എഞ്ചിനീയറിംഗിൽ ബിരുദം നേടി പിന്നീട് ആത്മീയതയിലേക്ക് തിരിഞ്ഞ അഭയ് സിംഗ് ആണ് ഈ പേരിൽ അറിയപ്പെടുന്നത്. ഇദ്ദേഹം സന്യാസ സമൂഹമായ അഖാരയിലെ ഒരംഗം കൂടിയായിരുന്നു.
എന്നാൽ കുംഭമേളയിലെ ജുന അഖാര ക്യാമ്പിൽ നിന്ന് അഭയ് സിംഗിനെ പുറത്താക്കി എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. ക്യാമ്പിലേക്കോ ക്യാമ്പിന്റെ പരിസരത്തേക്കോ പോലും വരുന്നതില്‍ നിന്ന് അഭയ് സിങ്ങിനെ വിലക്കിയിരിക്കുകയാണ്. തന്റെ ഗുരുവായ മഹന്ത് സോമേശ്വര്‍ പുരിയെ പറ്റി മോശമായി സംസാരിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ അഖാരയില്‍നിന്ന് പുറത്താക്കിയത്
ഒരാളുടെ ഗുരുവിനോടുള്ള അച്ചടക്കവും ഭക്തിയുമാണ് സന്യാസിമാരുടെ അടിസ്ഥാന തത്വങ്ങളെന്നും അവ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ആരെയും സന്യാസിയായി കണക്കാക്കാനാവില്ലെന്നും അഖാര വ്യക്തമാക്കുന്നു. അഭയ് സിംഗ് ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണ്. അയാളൊരു സന്യാസിയൊന്നുമല്ല, അലഞ്ഞുതിരിഞ്ഞുനടക്കുന്നയാള്‍ മാത്രമാണ്. അയാള്‍ വായില്‍ തോന്നിയതെല്ലാം ടി.വിയില്‍ പറയുന്നു ജുന അഖാരയിൽ ഭാഗമായിട്ടുള്ള ഒരു സന്യാസി പറഞ്ഞു.
അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ ‘ഐ.ഐ.ടി. ബാബ’ നിഷേധിച്ചു. അഖാരയിലെ സന്യാസിമാര്‍ തന്നേക്കുറിച്ച് പരദൂഷണം പറഞ്ഞുനടക്കുകയാണെന്ന് അഭയ് സിങ് ഒരു വാര്‍ത്താചാനലിനോട് പറഞ്ഞു. ‘ഞാന്‍ പ്രശസ്തനായെന്നും അവരെ കുറിച്ച് എന്തെങ്കിലും കാര്യം വെളിപ്പെടുത്തുമെന്നുമാണ് അവര്‍ കരുതുന്നത്. അതിനാലാണ് ഞാന്‍ രഹസ്യധ്യാനത്തിന് പോയെന്ന് അവര്‍ പറഞ്ഞുനടക്കുന്നത്. അവര്‍ അസംബന്ധം പറയുകയാണ്’, ഇന്‍സ്റ്റഗ്രാമില്‍ ലക്ഷത്തിലേറെ ഫോളോവര്‍മാരുള്ള ഐ.ഐ.ടി. ബാബ പറഞ്ഞു.