‘മുഖത്ത് ശക്തമായി ഇടിച്ചു’; കിളിമാനൂരിൽ ലഹരിക്കടിമയായ മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ച സംഭവം കൊലപാതകം
തിരുവനന്തപുരം കിളിമാനൂരിൽ ലഹരിയ്ക്ക് അടിമയായ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലിരുന്ന പിതാവ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു.കിളിമാനൂർ പെരുന്തമൻ ഉടയൻകാവിനു സമീപം ഹരിത ഭവനിൽ ഹരികുമാർ (52, ഷിബു) ആണ് മകന്റെ മർദ്ദനമേറ്റ് മരിച്ചത്. പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മുഖത്ത് ശക്തമായി ഇടിയേറ്റതിൻ്റെ ഭാഗമായാണ് മരണം സംഭവിച്ചതെന്നാണ് വ്യക്തമാക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഹരികുമാറിന്റെ മരണം സ്ഥിരീകരിക്കുന്നത്.
ഇക്കഴിഞ്ഞ 15 ന് വൈകുന്നേരം 5 മണിയ്ക്കായിരുന്നു സംഭവം. വളരെ ചെറിയൊരു കാര്യത്തിൽ തുടങ്ങിയ തർക്കമാണ് മരണത്തിൽ കലാശിച്ചത്. മാതാവിൻ്റെ മൊബൈൽ ഫോൺ മകൻ ആദിത്യ കൃഷ്ണൻ (22) പിടിച്ചു വാങ്ങിയിരുന്നു. ഈ വിവരം അച്ഛൻ അറിയുകയും, മൊബൈൽ തിരിച്ചു നൽകാൻ ആദിത്യനോട് ഹരികുമാർ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നായിരുന്നു ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുന്നത്.
ഇതിനിടെ മകൻ പിതാവിൻ്റെ മുഖത്ത് കൈമുറുക്കി ഇടിച്ച ശേഷം ചവിട്ടി താഴേക്ക് വീഴ്ത്തുകയായിരുന്നു. വീഴ്ചയിൽ തറയോടിൽ തലയിടിച്ച് പിതാവിന് ഗുരുതര പരുക്കേറ്റു. മുഖത്തും തലയിലും പരുക്കേറ്റ ഹരികുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ബൈക്കപകടത്തിൽ പരുക്കേറ്റതാണെന്നായിരുന്നു ആശുപത്രിയിൽ ബന്ധുക്കൾ അറിയിച്ചിരുന്നത്. ബന്ധുക്കളുടെ മൊഴിയെടുത്ത് കൊലപാതക വകുപ്പ് ചുമത്തി പൊലീസ് FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദിത്യൻ ഏറെ നാളുകളായി ലഹരിക്കടമയാണെന്നാണ് നാട്ടുകാരിൽ നിന്നടക്കം പൊലീസ് മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ വ്യക്തമാക്കുന്നത്.വിശദമായ അന്വേഷണം നടത്തി തുടര്നടപടികളിലേക്ക് പോകുമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. മകൻ ആദിത്യ കൃഷ്ണനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.