KeralaTop News

കണ്ണൂരിൽ ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തി

Spread the love

ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തിയതായി പരാതി. കണ്ണൂർ തളിപ്പറമ്പ് കുപ്പത്താണ് സംഭവം. ക്രെയിൻ മോഷ്ടിച്ചു കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നു. തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച പുലർച്ചെയാണ് ക്രെയിൻ മോഷ്ടിച്ച് കടത്തിയത്. 25 ലക്ഷം രൂപ വിലവരുന്ന എസിഇ കമ്പനിയുടെ 2022 മോഡൽ ക്രെയിനാണ് മോഷണം പോയത്.

ദേശീയപാതയോരത്ത് നിന്ന് രണ്ടംഗസംഗമാണ് ക്രെയിൻ മോഷ്ടിച്ച് കടത്തിയത്. സൈറ്റ് എഞ്ചിനീയർ ആണ് ഇത് സംതബന്ധിച്ച് പരാതി നൽകിയത്. ശനിയാഴ്ച രാത്രി ജോലിക്ക് ഉപയോഗിച്ച ശേഷം എംഎംയുപി സ്‌കൂളിന്റെ മതിലിനോട് ചേർത്ത് പാർക്ക് ചെയ്ത ശേഷം ഓപ്പറേറ്റർ ഉറങ്ങാൻ പോയിരുന്നു. രാവിലെ ഏഴ് മണിക്ക് അടുത്ത ഓപ്പറേറ്റർ എത്തിയപ്പോഴാണ് ക്രെയിൻ മോഷണം പോയ വിവരം അറിയുന്നത്. പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ക്രെയിൻ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

കുപ്പം പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് രണ്ടംഗ സംഘം ക്രെയിൻ കടത്തിക്കൊണ്ടു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ധർമ്മശാല വരെ ക്രെയിൻ ഓടിച്ചുകൊണ്ടുപോയതായി കണ്ടെത്തിയിട്ടുണ്ട്.ക്രെയിൻ പൊളിച്ചുവിൽപ്പന നടത്തുന്ന സംഘമായിരിക്കാം പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.