ആര്‍ ജി കര്‍ ആശുപത്രിയിലെ യുവഡോക്ടറുടെ ബലാത്സംഗ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ
കൊൽക്കത്ത: കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി
കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. ഒരുമണിയോടെയാണ് പ്രതിയെ കോടതിയിലെത്തിച്ചത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞു എന്ന് ജഡ്ജിയുടെ പരാമർശത്തിൽ വീണ്ടും കുറ്റം നിഷേധിച്ചായിരുന്നു പ്രതി പ്രതികരിച്ചത്. തന്നെ കേസിൽ പെടുത്തിയതാണെന്ന് ആവർത്തിച്ച പ്രതി
തന്നെ ഉപദ്രവിച്ചു എന്നും കോടതിയോട് പറഞ്ഞു. തന്നെ പൊലീസ് ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും പ്രതി കോടതിയെ അറിയിച്ചു.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുക എന്ന് കോടതി ചൂണ്ടിക്കാട്ടി. അപൂർവങ്ങൾ അപൂർവം ആയ കേസ് എന്ന് സിബിഐ അഭിഭാഷകൻ പറഞ്ഞു. സമൂഹത്തിന് മുതൽക്കൂട്ട് ആവേണ്ട ഡോക്ടറെയാണ് പ്രതി കൊലപ്പെടുത്തിയത്. രാജ്യത്ത് തന്നെ ഞെട്ടിച്ച കേസുകളിൽ ഒന്നാണിത്. പരമാവധി ശിക്ഷ പ്രതിക്ക് നൽകണമെന്നും വധശിക്ഷ നൽകിയാൽ മാത്രമേ സമൂഹത്തിന് ഇക്കാര്യത്തിൽ വിശ്വാസ്യത ഉണ്ടാകൂ എന്ന് സിബിഐ ചൂണ്ടിക്കാട്ടി.
അതേ സമയം, വധശിക്ഷ നൽകരുതെന്നാണ് പ്രതിഭാഗം വാദിച്ചത്. പ്രതിക്ക് മാനസാന്തരത്തിന് സമയം നൽകണം. അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും പ്രതിഭാഗം വാദിച്ചു. തനിക്ക് മാറാനാകില്ല എന്നതിന് തെളിവില്ല. വധശിക്ഷയല്ലാതെ മറ്റ് ശിക്ഷകൾ പരിഗണിക്കണമെന്നും പ്രതി പറഞ്ഞു. വധശിക്ഷ നൽകണമെന്ന് ഡോക്ടറുടെ കുടുംബത്തിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.