KeralaTop News

ഇരിപ്പിടത്തെ ചൊല്ലി തർക്കം; കാസർഗോഡ് ഒമ്പതാം ക്ലാസ്സുകാരന് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം

Spread the love

കാസർഗോഡ് ബളാംതോട് ഹയർസെക്കന്ററി സ്കൂളിൽ ഒമ്പതാം ക്ലാസ്സുകാരന് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം. ഇരിപ്പിടത്തെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. മുഖത്തിന് സാരമായി പരുക്കേറ്റ കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ മാസം 14ന് ഉച്ചഭക്ഷണത്തിനുശേഷം വിശ്രമിക്കുന്നതിനിടെയാണ് ഇരു ക്ലാസ്സുകളിലെയും വിദ്യാർത്ഥികൾ തമ്മിൽ തർക്കം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും സുഹൃത്തും ഇരിക്കുന്ന സ്ഥലത്ത് എത്തി പത്താം ക്ലാസ് വിദ്യാർത്ഥികൾ മാറാൻ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാക്കാതെ വന്നതോടെ അഞ്ചുപേർ ചേർന്ന് കുട്ടിയെ മർദ്ദിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ കുട്ടിയെ ആദ്യം പൂടംങ്കല്ല് താലൂക്ക് ആശുപത്രിയിലും, പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്ത് എല്ലിന് പൊട്ടലുണ്ട്.
സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ ആയ അഞ്ചുപേരെ സ്കൂളിൽനിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. ചൈൽഡ് ലൈൻ പ്രവർത്തകർ ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. ആശുപത്രിയിൽ നിന്നും വിവരം നൽകിയിട്ടും രാജപുരം പൊലീസ് അന്വേഷണം നടത്തിയില്ലെന്നും ആരോപണമുണ്ട്.