വിവാദങ്ങള്‍ക്കിടെ ഇന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം; നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നത ചര്‍ച്ചയായേക്കും
വിവാദങ്ങള്‍ക്കിടെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. സര്‍ക്കാരിനെതിരായ തുടര്‍ സമര പരിപാടികളും നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാടുമാണ് പ്രധാന അജണ്ട എങ്കിലും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാകും കൂടുതല്‍ ചര്‍ച്ചയാവുക. നേതാക്കന്മാര്‍ക്കിടയിലെ അഭിപ്രായഭിന്നതയെ തുടര്‍ന്ന് അവസാനം നിമിഷം മാറ്റിയ രാഷ്ട്രീയ കാര്യസമിതി യോഗമാണ് ഇന്ന് ചേരുന്നത്.
ജനുവരി 12ന് ചേരാനിരുന്ന രാഷ്ട്രീയകാര്യ സമിതി യോഗമാണ് ഇന്ന് ചേരുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള തര്‍ക്കമായിരുന്നു അവസാന നിമിഷം രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റാന്‍ ഇടയാക്കിയത്. വിഷയത്തില്‍ ഹൈക്കമാന്‍ഡ് മുഖം കടുപ്പിച്ചതോടെ വേഗത്തില്‍ വീണ്ടും യോഗം വിളിച്ചു ചേര്‍ത്തു. ഇന്ന് ചേരുന്ന യോഗത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി സംസ്ഥാന നേതാക്കളെ താക്കീത് ചെയ്‌തേക്കും. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഉയര്‍ന്നുവന്ന തര്‍ക്കവും യോഗത്തില്‍ ചര്‍ച്ചയാവും.
അതേസമയം യോഗത്തിന്റെ പ്രധാന അജണ്ട നിയമസഭയില്‍ കോണ്‍ഗ്രസ് സ്വീകരിക്കേണ്ട നിലപാട് എന്തെന്നതാണ്. ബ്രൂവറി വിഷയം ആളിക്കത്തിക്കാനാണ് പ്രധാന തീരുമാനം. ഒപ്പം സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങളില്‍ പ്രഖ്യാപിച്ച സമരങ്ങള്‍ തുടരുന്നതും ചര്‍ച്ചയാവും. താഴെത്തട്ടിലെ പുനസംഘടന ഇതുവരെ പൂര്‍ത്തിയാകാത്ത വിഷയം യോഗത്തിലുയരും. കെപിസിസിയിലും നേതൃമാറ്റം വേണമെന്ന് ചില നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെടുമെന്നാണ് സൂചന.