NationalTop News

ജമ്മു കശ്മീർ രജൗരിയിലെ ദുരൂഹ മരണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Spread the love

ജമ്മു കശ്മീരിലെ രജൗരിയിലെ ദുരൂഹ മരണങ്ങളിൽ ഉന്നതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മന്ത്രാലയ സമിതി ഇന്ന് സ്ഥലം സന്ദർശിച്ചു പരിശോധന നടത്തും. ആറ് ആഴ്ച്ചയ്ക്കിടെ 16 പേരാണ് പ്രദേശത്ത് ന്യൂറോടോക്സിൻ ബാധയെ തുടർന്ന് മരിച്ചത്. ജമ്മുകശ്മീരിലെ രജോരി ജില്ലയിലെ ബുധൽ ഗ്രാമത്തിലാണ്, തുടർച്ചയായുള്ള മരണങ്ങൾ ഭീതി പടർത്തുന്നത്.കഴിഞ്ഞ ഡിസംബർ ഏഴു മുതലാണ് ഗ്രാമത്തിൽ അസ്വഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്തുതുടങ്ങിയത്.

ഒന്നര കിലോമീറ്റർ‌ ചുറ്റളവിൽ‌ താമസിക്കുന്ന കുടുംബങ്ങളിലെ ആളുകളാണ് രോഗബാധയെ തുടർന്ന് മരിച്ചത്. പകർച്ച വ്യാധിയോ,ബാക്ടീരിയ – ഫം​ഗസ് ബാധയോ അല്ല കാരണമെന്ന് പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലും നടത്തിയ പരിശോധനകളിൽ നിന്ന് വ്യക്തമായി.തുടർന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിഷയം അന്വേഷിക്കാൻ ഉന്നതല സമിതിയെ രൂപീകരിച്ചത്. ആരോ​ഗ്യം, കുടുംബക്ഷേമം, കൃഷി, ജലവിഭവ , രാസവസ്തു, വളം മന്ത്രാലയങ്ങളിലെ വി​​ദ​ഗ്ധരടങ്ങുന്ന സമിതി പ്രദേശം സന്ദർശിച്ച പരിശോധന നടത്തും.ഭക്ഷ്യസുരക്ഷാ വിദ​ഗ്ധരും ഫോറൻസിക് സയൻസ് ലാബ് സംവിധാനവും സമിതിക്കൊപ്പം ഉണ്ടാകും.

പനി, തല കറക്കം, ബോധക്ഷയം എന്നി രോ​​ഗലക്ഷണങ്ങൾ ആണ് മരിച്ചവർക്ക് ഉണ്ടായത്. ചികിത്സയ്‌ക്കെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവർ 45 ദിവസത്തിനുള്ളിൽ മരിച്ചതായാണ് റിപ്പോർട്ട്.നാഡീകോശങ്ങളെ നശിപ്പിക്കുകയും നാഡീവ്യവസ്ഥയെ ബാധിക്കുകയും ചെയ്യുന്ന ന്യൂറോടോക്സിനുകളുടെ സാന്നിധ്യം മരിച്ചവരുടെ ശരീരത്ത് കണ്ടെത്തിയിരുന്നു.