KeralaTop News

ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയ സംഭവം; പരാതി വ്യാജമെന്ന് ആരോഗ്യ വകുപ്പ്, DGP ക്ക് പരാതി നൽകി

Spread the love

വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതി വ്യാജമെന്ന് ആരോഗ്യ വകുപ്പ്. മൊട്ടുസൂചി പരിശോധിച്ചതിൽ ഗുളികയ്ക്കുള്ളിൽ ഇരുന്ന ലക്ഷണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.സൂചിയുടെ അറ്റം മാത്രം തുരുമ്പെടുത്ത നിലയിൽ ആയിരുന്നു. ഗുളിക കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീക്ക് എക്സ്റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും ഇതേ ബാച്ചിലെ മറ്റ് ഗുളികകൾക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലെന്നും ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി.

സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡി ജി പി ക്ക് പരാതി നല്കി.ആരോഗ്യവകുപ്പ് നടത്തിയ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമപരമായി നീങ്ങാനുള്ള തീരുമാനം. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്.
മേമല ഉരുളുകുന്ന് സ്വദേശിനി വസന്തയ്ക്ക് വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് നൽകിയ ശ്വാസം മുട്ടലിനുള്ള ഗുളികയിൽ നിന്നാണ് മൊട്ടുസൂചി കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡിഎംഒ ഉൾപ്പെടെയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വസന്തയുടെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.