ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് റെക്കോർഡ് തുക
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാരം വരവായി റെക്കോർഡ് തുക. 7.5 കോടി രൂപയാണ് ഇത്തവണ ലഭിച്ചത്. ഇത് റെക്കോർഡാണ്. കഴിഞ്ഞ ജൂണിലാണ് ഏഴ് കോടിയിലധികം വരുമാനം ലഭിച്ചത്. സാധാരണ 5-6 കോടി രൂപയാണ് ഭണ്ഡാരം വരവായി ലഭിക്കാറുള്ളത്.
ശബരിമല സീസണായതും ഭണ്ഡാരം വരുമാനത്തിൽ വർധനയുണ്ടാവാൻ കാരണമായി. കൂടാതെ മൂന്ന് കിലോ 906 ഗ്രാം സ്വർണവും 25 കിലോ 830 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച നോട്ടുകൾ വീണ്ടും ലഭിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടായിരം രൂപയുടെ 35 കറൻസികളും 1000 രൂപയുടെ 33 എണ്ണവുമാണ് ഇത്തവണ ലഭിച്ചത്. കിഴക്കും പടിഞ്ഞാറും നടകളിലെ ഇ-ഭണ്ഡാരങ്ങൾ വഴി 3.94 ലക്ഷം രൂപ ലഭിച്ചു.