ഗസ്സയിൽ വെടിനിർത്തൽ ഉടൻ പ്രഖ്യാപിച്ചേക്കില്ല; കരാർ വ്യവസ്ഥകൾ ഹമാസ് പാലിച്ചില്ലെന്ന് ഇസ്രയേൽ
ഗസ്സയിൽ വെടിനിർത്തൽ ഉടൻ പ്രഖ്യാപിച്ചേക്കില്ല. വെടിനിർത്തൽ കരാർ വ്യവസ്ഥകൾ ഹമാസ് പാലിക്കാത്തതിനാൽ ഗസ്സയിൽ ആക്രമണം തുടരുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ബന്ദികളുടെ പേര് വിവരങ്ങൾ നൽകാതെ കരാർ യാഥാർത്ഥ്യമാകില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. പട്ടിക വൈകുന്നത് സാങ്കേതിക കാരണങ്ങൾ കൊണ്ടെന്ന് ഹമാസ് വിശദീകരിച്ചു.
ഇതിനിടെ വെടിനിർത്തൽ താൽക്കാലികമാണെന്നും ആവശ്യമെങ്കിൽ ഗസയിൽ യുദ്ധം പുനരാരംഭിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.
1890 പലസ്തീൻ തടവുകാർക്ക് പകരമായി 33 ഇസ്രയേലി ബന്ദികളെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുമെന്നായിരുന്നു മധ്യസ്ഥരായ ഈജിപ്ത് അറിയിച്ചിരുന്നത്. ഇന്ന് മോചിപ്പിക്കുന്ന മൂന്നു ബന്ദികൾ ആരൊക്കെയെന്ന് ഹമാസ് വെളിപ്പെടുത്തിയിട്ടില്ലെന്ന് ഇസ്രയേൽ പറഞ്ഞു. മൂന്ന് വനിതാ ബന്ദികളെയാകും ആദ്യം മോചിപ്പിക്കുകയെന്ന് ഹമാസ് അറിയിച്ചിരുന്നു.
ഇന്നലെ ഇസ്രയേൽ സമ്പൂർണ കാബിനറ്റും വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയിരുന്നു.ആറാഴ്ച നീളുന്ന ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസും ആയിരത്തോളം ഫലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിക്കുമെന്നാണ് അറിയിച്ചത്. വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് ഇസ്രായേലിനുള്ളിലെ ഭിന്നതയും കൂടുതൽ ശക്തമായി. ഹമാസിന് ഗുണം ചെയ്യുന്നതാണ് കരാറെന്ന് കുറ്റപ്പെടുത്തി മന്ത്രി ബെൻഗ്വിറിന്റെ ജൂത പവർ പാർട്ടി സർക്കാറിൽ നിന്ന് രാജി വെക്കും.