ട്രംപ് 2.0; യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് നാളെ ചുമതലയേൽക്കും
47-ാമത് അമേരിക്കൻ പ്രസിഡന്റായി നാളെ ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യൻ സമയം നാളെ രാത്രി പത്തരയോടെ വാഷിങ്ടണ്ണിലെ യുഎസ് ക്യാപിറ്റോളിലാണ് ചടങ്ങുകൾ ആരംഭിക്കുക. 78 കാരനായ ഡൊണാൾഡ് ട്രംപ് ഇത് രണ്ടാം വട്ടമാണ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കുന്നത്.
അമേരിക്കയിൽ അതിശൈത്യകാലാവസ്ഥ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് യുഎസ് ക്യാപിറ്റോളിലെ റോട്ടൻഡ ഹാളിലാകും സത്യപ്രതിജ്ഞ നടക്കുക. യു എസ് ക്യാപിറ്റോളിലെ മകുടത്തിനു താഴെയുള്ള ഹാളാണ് റോട്ടൻഡ.മൈനസ് 11 ഡിഗ്രി സെൽഷ്യൽസ് വരെ താപനില താഴുമെന്നതിനാലാണ് ചടങ്ങുകൾ ഹാളിനകത്ത് നടത്തുന്നത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റായി ജെ ഡി വാൻസും സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യൻ സമയം നാളെ രാത്രി പത്തരയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക.1985-ൽ റൊണാൾഡ് റീഗനാണ് ഏറ്റവുമൊടുവിൽ ഹാളിനകത്ത് സത്യപ്രതിജ്ഞ ചെയ്തത്.
മൈനസ് ഏഴു ഡിഗ്രിയായിരുന്നു അന്ന് താപനില.
സത്യപ്രതിജ്ഞയ്ക്കുശേഷം സെനറ്റ് ചേംബറിനടുത്തുള്ള പ്രസിഡന്റിന്റെ മുറിയിലെത്തി ട്രംപ് രേഖകളിൽ ഒപ്പുവയ്ക്കും. തുടർന്ന് സംഗീതാവതരണവും ഉദ്ഘാടന പരേഡും ഔദ്യോഗിക സൽക്കാര ചടങ്ങുകളും നടക്കും. ക്യാപിറ്റൽ വൺ അറീനയിലാണ് പരേഡ്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി യു എസ് സൈന്യത്തിന്റെ അർലിങ്ടൻ ദേശീയ സെമിത്തേരിയിൽ ട്രംപ് ഇന്ന് ആദരമർപ്പിക്കും.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ബുഷ്, ബരാക് ഒബാമ, ഹിലരി ക്ലിൻൺ, ശതകോടീശ്വരന്മാരായ ഇലോൺ മസ്‌ക്, മെറ്റ സി ഇ ഒ മാർക് സക്കർബെർഗ്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ആപ്പിൾ സി ഇ ഒ ടിം കുക്ക്, ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയെ പ്രതിനീധകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങുകൾ വൈറ്റ് ഹൗസ് ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്.