‘കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് കാറിൽ കയറ്റി, വസ്ത്രം വലിച്ചുകീറി അപഹാസ്യയാക്കി’: കൗൺസിലർ കലാ രാജു
കൊച്ചി: വനിതാ കൗൺസിലർമാർ കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ചാണ് കാറിൽ കയറ്റിയതെന്ന് കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് വധഭീഷണി മുഴക്കിയെന്നും കലാ രാജു വെളിപ്പെടുത്തി. വസ്ത്രം വലിച്ചുകീറി തന്നെ അപഹാസ്യയാക്കി. ഏരിയ കമ്മിറ്റി ഓഫീസിലേക്കാണ് ബലം പ്രയോഗിച്ച് കൊണ്ടുപോയത്. പൊലീസിന് വിഷയത്തിൽ ഇടപെടാമായിരുന്നു എന്നും പക്ഷേ ഒന്നും ചെയ്തില്ലെന്നും കലാ രാജു കുറ്റപ്പെടുത്തി. നഗരസഭ ഭരണത്തിൽ പല കാര്യങ്ങളിലും എതിർപ്പുണ്ടായിരുന്നു. ആര് സംരക്ഷിക്കുന്നുവോ അവർക്കൊപ്പം നിൽക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളം പരിപാടിയിൽ കലാ രാജു നിലപാട് വ്യക്തമാക്കി.