കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ; പൊലീസ് വീഴ്ചയിൽ റിപ്പോർട്ട് തേടിയെന്ന് റൂറൽ എസ്.പി വൈഭവ് സക്സേന
എറണാകുളം: കൂത്താട്ടുകുളം തട്ടികൊണ്ടുപോകൽ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വീഴ്ചയിൽ റിപ്പോർട്ട് തേടിയെന്ന് റൂറൽ എസ്.പി വൈഭവ് സക്സേന. വീഴ്ചയുണ്ടെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കലാ രാജുവിന്റെ 164 മൊഴി രേഖപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുണണ്ടെന്നും കേസിൽ അറസ്റ്റ് ഉടനെന്നും എസ്.പി പറഞ്ഞു.
അതേസമയം, വിചിത്രവാദവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ രംഗത്തെത്തി. കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് കോൺഗ്രസാണെന്ന് അദ്ദേഹം ആരോപിച്ചു. അവിശ്വാസ പ്രമേയത്തിന് നാല് ദിവസം മുമ്പാണ് കലാ രാജുവിനെ കാണാതായതെന്നും കലാ രാജു എവിടെയായിരുന്നു എന്ന് വ്യക്തമാക്കട്ടെ എന്നും സി എൻ മോഹനൻ പറഞ്ഞു. കലാ രാജുവിന് സാമ്പത്തിക ബുദ്ധിമുട്ട് അടക്കമുള്ള ഉണ്ടെങ്കിൽ അക്കാര്യം പാർട്ടി പരിശോധിക്കും. അവരുമായി വീണ്ടും സംസാരിക്കാൻ തയ്യാറാണെന്നും സംഘർഷം ഉണ്ടാക്കിയത് കോൺഗ്രസാണെന്നും സിഎൻ മോഹനൻ പറഞ്ഞു.