ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് വോട്ട്, അഗവണിക്കുന്നവരെ ഒരുമിച്ച് നിന്ന് തോല്‍പ്പിക്കും; മുന്നറിയിപ്പുമായി കത്തോലിക്ക സഭ
തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് തയ്യാറെടുക്കവേ മുന്നണികള്‍ക്ക് മുന്നറിയിപ്പുമായി കത്തോലിക്കാ സഭ. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് മാത്രം വോട്ടെന്നും, അവഗണിക്കുന്നവരെ ഒരുമിച്ച് നിന്ന് തോല്‍പ്പിക്കുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍. ക്രൈസ്തവ സമുദായത്തെ യുഡിഎഫ് അവഗണിക്കുന്നതായി ചൂണ്ടിക്കാട്ടുമ്പോള്‍, വന നിയമ ഭേദഗതി പിന്‍വലിച്ചതില്‍ സിപിഐഎമ്മിനും മുഖ്യമന്ത്രിക്കും കത്തോലിക്കാ സഭഅഭിനന്ദനമറിയിക്കുന്നുമുണ്ട്.
കൊച്ചിയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന കത്തോലിക്കാ കോണ്‍ഗ്രസ് നേതൃയോഗത്തിന് പിന്നാലെയാണ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. ക്രൈസ്തവ വിഭാഗത്തിന് ശക്തിയില്ല എന്ന് ആരും വിചാരിക്കരുത്.തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് മാത്രം വോട്ടെന്നും, അവഗണിക്കുന്നവരെ ഒരുമിച്ച് നിന്ന് തോല്‍പ്പിക്കുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍ വ്യക്തമാക്കുന്നു. ക്രൈസ്തവ സമുദായത്തെ യുഡിഎഫ് അവഗണിക്കുകയാണ്. നിലപാട് തുടര്‍ന്നാല്‍ യുഡിഎഫ് ദുഃഖിക്കേണ്ടിവരും. വിവാദ വന നിയമ ഭേദഗതി പിന്‍വലിച്ചതില്‍ സിപിഐഎമ്മിനും മുഖ്യമന്ത്രിക്കും അഭിനന്ദനമറിയിക്കുന്നതായും കത്തോലിക്കാ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ വിവാദ പ്രസ്താവനക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഫാദര്‍ ഫിലിപ്പ് കവിയില്‍ നടത്തിയത്. മോഹന്‍ ഭാഗവതിന്റേത് വിലകുറഞ്ഞ പ്രസ്താവനയാണെന്നും ക്രൈസ്തവ സമൂഹത്തിന്റെ സേവനങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹത്തെ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായും ഫാദര്‍ ഫിലിപ്പ് കവിയില്‍ കൂട്ടിച്ചേര്‍ത്തു.