അസ്ഥിപൊടിയുന്ന അസുഖത്തിന്റെ ചികിത്സയ്ക്ക് 2 ലക്ഷം കടമെടുത്തു; ജെസിബിയുമായി എത്തി വീട് പൊളിച്ച് ബ്ലേഡ് മാഫിയ; പിഞ്ചുകുഞ്ഞും കിടപ്പുരോഗിയുമുള്ള കുടുംബം കണ്ണീരില്‍
അമരവിളയില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ അതിക്രമം. മാഫിയ സംഘം ജെസിബി ഉപയോഗിച്ച് ഒരു വീട് ഇടിച്ചുനിരത്തി. അമരവിള കുഴിച്ചാണി സ്വദേശി അജീഷിന്റെ വീടാണ് ഇടിച്ച് നിരത്തിയത്. അജീഷിന് അസ്ഥി പൊടിഞ്ഞു പോകുന്ന രോഗബാധിതനായി കിടപ്പിലാണ്. ചികിത്സയ്ക്കായി അമരവിള സ്വദേശിയില്‍ നിന്നും രണ്ടര ലക്ഷം രൂപ കടം വാങ്ങിയിരുന്നു. തിരികെ ലഭിക്കാത്തതിനാലാണ് ബ്ലേഡ് മാഫിയ സംഘം ജെസിബി കൊണ്ട് വീട് ഇടിച്ചു നിരത്തിയത്. സംഭവത്തില്‍ പാറശ്ശാല പൊലീസ് കേസെടുത്തു.
ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. രണ്ട് വര്‍ഷം മുന്‍പെടുത്ത രണ്ടര ലക്ഷം രൂപയുടെ പേരില്‍ മുന്നറിയിപ്പൊന്നും നല്‍കാതെ ബ്ലേഡ് മാഫിയ എത്തി അജീഷിന്റെ വീടിന്റെ ഒരുഭാഗം പൂര്‍ണമായി തകര്‍ക്കുകയായിരുന്നു. കിടപ്പുരോഗിയായ ഭര്‍ത്താവിനേയും കൈക്കുഞ്ഞിനേയും കൊണ്ട് എവിടെ താമസിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് അജീഷിന്റെ ഭാര്യ. കുടുംബം ബ്ലേഡ് മാഫിയയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പാറശ്ശാല പൊലീസ് മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തെന്നാണ് വിവരം.
ജെസിബിയുമായി മാഫിയ സംഘമെത്തുമ്പോള്‍ വീട്ടില്‍ അജീഷുണ്ടായിരുന്നു. അജീഷ് കിടക്കുന്ന സ്ഥലമൊഴികെയുള്ള ഭാഗമാണ് തകര്‍ത്തത്. ഇനിയും പണം തന്നുതീര്‍ത്തില്ലെങ്കില്‍ ബാക്കി ഭാഗം കൂടി ഇടിച്ചുനിരത്തുമെന്ന് ഇവര്‍ അജീഷിനേയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബ്ലേഡ് മാഫിയയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത് ഒരു സംഘം ഗുണ്ടകള്‍ എത്തിയെന്നാണ് വിവരം. കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
: blade mafia demolished house amaravila