NationalTop News

സെയ്ഫ് അലിഖാന് നേരെയുണ്ടായ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ, പിടികൂടിയത് മധ്യപ്രദേശിൽനിന്ന്

Spread the love

നടന്‍ സെയ്ഫ് അലിഖാനെ കുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ കസ്റ്റഡിയില്‍. മധ്യപ്രദേശിൽനിന്നാണ് മുംബൈ പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ സംബന്ധിച്ച മറ്റ് വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ പ്രതിയുമായി സാമ്യമുള്ള ഒരാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തതായി മുംബൈ പൊലീസിൻ്റെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ദാദറിലെ ഒരു കടയിൽ എത്തി ഹെഡ്ഫോൺ വാങ്ങുന്ന സിസിടിവി ദൃശ്യം ഇന്ന് പുറത്തുവന്നിരുന്നു. നടനെ ആക്രമിക്കുമ്പോൾ കറുപ്പ് ടീഷർട്ട് ധരിച്ചിരുന്ന പ്രതി പിന്നാലെ അത് മാറ്റി. മഞ്ഞ ഷർട്ട് ധരിച്ച മറ്റൊരു ഫോട്ടോയും ഇതിന് പിന്നാലെ പുറത്തുവന്നു. പ്രതി ഗുജറാത്തിലേക്ക് കടന്നേക്കാമെന്ന സൂചനയില്‍ പൊലീസ് ഗുജറാത്തിലേക്കു തിരിക്കുകയും ഇതിനിടെയാണ് പ്രതിയെന്നു സംശയിക്കുന്ന ആളെ മധ്യപ്രദേശില്‍നിന്ന് കസ്റ്റഡിയിലെടുത്തെന്ന വിവരം പുറത്തുവരുന്നത്.കഴിഞ്ഞ ദിവസം നടന്റെ വീട്ടിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുമായി സാമ്യമുള്ള ഒരു വ്യക്തിയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അഞ്ച് മണിക്കൂർ ചോദ്യം ചെയ്തശേഷം ഇയാളെ വിട്ടയക്കുകയായിരുന്നു.

അതേസമയം, ആരോഗ്യ നില ഭേദമായതിനെ തുടർന്ന് നടൻ സെയ്ഫ് അലിഖാന്റെയും ഭാര്യ കരീന കപൂറിൻ്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതി വല്ലാതെ അക്രമാസക്തനായെന്നും ജീവരക്ഷാർധം മക്കള എടുത്ത് മുകൾ നിലയിലേക്ക് ഓടിയെന്നും കരീന മൊഴി നൽകി. സെയ്ഫ് ഒറ്റയ്ക്കാണ് അക്രമിയെ നേരിട്ടത്. വീട്ടിൽ നിന്നും ഒന്നും നഷ്ടമായിട്ടില്ലെന്നും മൊഴിയിലുണ്ട്. ചോരയിൽ കുളിച്ച നടനെ ലീലാവതി ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവറും ഇന്ന് സ്റ്റേഷനിൽ എത്തി മൊഴി നൽകി.

സൽമാൻ ഖാന്റെ വീടിന് നേരെ ഉണ്ടായ വെടിവെപ്പും സെയ്ഫ് അലിഖാന് നേരെ ഉണ്ടായ ആക്രമണത്തിന്റെയും പശ്ചാത്തലത്തിൽ പ്രമുഖർ താമസിക്കുന്ന ബാന്ദ്ര മേഖലയിൽ പൊലീസ് രാത്രികാല നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.