KeralaTop News

കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം; കുടിശ്ശികയുടെ കാര്യത്തിൽ ഉറപ്പ് ലഭിച്ചിട്ടില്ലെന്ന് വിതരണക്കാർ

Spread the love

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം നിലച്ച് ഒരാഴ്ച പിന്നിടുമ്പോഴും പ്രശ്ന പരിഹാരമായില്ല. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. എം കെ രാഘവൻ എം പി നാളെ ഏകദിന ഉപവാസം അനുഷ്ഠിക്കും. മെഡിക്കൽ കോളജിലെ ന്യായവില മരുന്നു കടകളിലേക്കുള്ള മരുന്നുവിതരണം ഈ മാസം പത്തിനാണ് വിതരണക്കാർ അവസാനിപ്പിച്ചത്

ഒക്ടോബർ വരെയുള്ള കുടിശ്ശിക തന്നു തീർക്കാതെ മരുന്ന് വിതരണം പുനരാരംഭിക്കില്ലെന്ന് വിതരണക്കാർ നിലപാട് കടുപ്പിച്ചതോടെ,മെഡിക്കൽ കോളജിലെ മരുന്ന്ക്ഷാമം രൂക്ഷമായി. വിഷയത്തിൽ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

അതേസമയം, മരുന്ന് ക്ഷാമം സംബന്ധിച്ച് ആരോഗ്യമന്ത്രിയുമായി സംസാരിച്ചുവെന്നും ചർച്ചയിൽ 150 ഓളം അവശ്യമരുന്നുകൾ കാരുണ്യ വഴി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചെന്നും മന്ത്രിയുമായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൂടുതൽ ചർച്ച നടത്തും.മരുന്ന് വിതരണക്കാരുടെ കുടിശ്ശിക സംബന്ധിച്ച് ചർച്ചകൾ നടത്തുമെന്നും കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ കെ ജി സജീത് കുമാർ പറഞ്ഞു. 9 മാസത്തെ കുടിശ്ശികയായ 90 കോടി രൂപ ലഭിക്കാനുള്ള സാഹചര്യത്തിലാണ് വിതരണക്കാർ മരുന്നു വിതരണം അവസാനിപ്പിച്ചത്.