ഗ്രീഷ്മയുടെ ജാതകം, വിഷക്കുപ്പിയുടെ പൊളിച്ച് കളഞ്ഞ ലേബൽ, ആൽബം; പൊലീസ് തെളിവുകൾ നിർണായകമായെന്ന് പ്രോസിക്യൂഷൻ
തിരുവനന്തപുരം : പാറശ്ശാല ഷാരോൺ വധക്കേസിലെ കോടതി വിധിയിൽ തൃപ്തിയെന്ന് പ്രോസിക്യൂഷനും പൊലീസും. ആദ്യഘട്ടത്തിൽ ഫലപ്രദമായ രീതിയിൽ തെളിവുകൾ ശേഖരിച്ച പൊലീസ് സംഘമടക്കമുളളവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണ് കോടതി വിധിയെന്നാണ് പ്രോസിക്യൂഷൻ പ്രതികരണം. പൊലീസ് ശേഖരിച്ച തെളിവുകൾ കൃത്യമായി കോടതിയിൽ അവതരിപ്പിക്കാനായെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
കേസിൽ പ്രതി ഗ്രീഷ്മക്ക് കുറ്റം ചെയ്യാനുളള പ്രേരണ എന്താണെന്നത് പ്രധാനമായിരുന്നു. സൈനികനുമായുളള വിവാഹ നിശ്ചയം കഴിഞ്ഞതോടെയാണ് ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ ശ്രമിച്ചത്. ഇത് കണ്ടെത്താൻ ആദ്യ ഘട്ടത്തിൽ തന്നെ കഴിഞ്ഞു. വിവാഹ നിശ്ചയം നടന്നുവെന്നത് കോടതിയിൽ തെളിയിക്കേണ്ടിയിരുന്നു. ഗ്രീഷ്മയുടെ ജാതകം അടക്കം കോടതിയിൽ തെളിവായി ഉപയോഗിച്ചു. ആദ്യഘട്ടത്തിൽ ഇതെല്ലാം പൊലീസ് സംഘം ശേഖരിച്ചിരുന്നു. ഗ്രീഷ്മയെ വിവാഹം കഴിക്കാനിരുന്ന സൈനികന്റെയും കുടുംബത്തിന്റെയും മൊഴിയെടുക്കുകയും ആൽബം അടക്കം ശേഖരിക്കുകയും ചെയ്തിരുന്നു.
വിഷം വാങ്ങിയ സ്ഥലത്ത് പോയി പ്രതിയുമായി തെളിവെടുത്തു. കൊലപാതകത്തിന് ശേഷം വിഷക്കുപ്പി ഒളിപ്പിച്ച സ്ഥലത്ത് മൂന്നാം പ്രതിയുമായി ചെന്ന് കുപ്പി കണ്ടെത്താൻ കഴിഞ്ഞു. കുപ്പിക്ക് മുകളിലെ ലേബൽ ഇളക്കിക്കളഞ്ഞിരുന്നു. അതും കണ്ടെടുക്കാൻ കഴിഞ്ഞു. പൊളിഞ്ഞ് കിടന്ന ലേബൽ വിഷക്കുപ്പിയുടേത് തന്നെയെന്ന്ശാസ്ത്രീയ പരിശോധനയിലൂടെ കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞു. ഇതെല്ലാം കോടതിവിധി അനുകൂലമാകാൻ കാരണമായെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.