NationalTop News

മതപരിവര്‍ത്തനം തടയല്‍ ലക്ഷ്യം; 8000 വിദ്യാര്‍ഥികളെ മഹാകുംഭമേളയില്‍ എത്തിക്കാന്‍ ആര്‍എസ്എസ്

Spread the love

പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ഉത്തര്‍പ്രദേശിലെ പ്രയാ​ഗ് രാജില്‍ മഹാകുംഭമേളക്ക് എത്തിക്കാന്‍ ആര്‍എസ്എസ്. മൂന്ന് ദിവസംകൊണ്ട് അവധ് മേഖലയിലെ 14 ജില്ലകളിലുള്ള ‘സംസ്‌കാര്‍ കേന്ദ്ര’കളില്‍ നിന്നായി 8000 വിദ്യാര്‍ഥികളെ പ്രയാ​ഗ് രാജില്‍ എത്തിക്കാനാണ് നീക്കം. ആര്‍എസിഎസിന്റെ വിദ്യാഭ്യാസകാര്യ വിഭാഗമായ വിദ്യാഭാരതിയാണ് നേതൃത്വം നല്‍കുന്നത്.

ഹിന്ദു ആചാരങ്ങളും പാരമ്പര്യങ്ങളും പരിചയപ്പെടുത്തുക, മതംമാറ്റത്തിന് ‘ഇര’കളാകാതിരിക്കാന്‍ വിദ്യാര്‍ഥികളെ ബോധവത്കരിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങളെന്ന് വിദ്യാഭാരതി അവകാശപ്പെടുന്നു. പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ഥികളെയാണ് കൂടുതലായും ‘കുഭ് ദര്‍ശ’ന്റെ ഭാഗമാക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 10 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളെ അവരുടെ രക്ഷിതാക്കള്‍ക്കൊപ്പമാണ് കുഭ മേളക്ക് കൊണ്ടുപോകുക.

‘വിദ്യാര്‍ഥികളെ കുഭ മേളക്ക് എത്തിക്കുന്നതിന്റെ ലക്ഷ്യം നമ്മുടെ സംസ്‌കാരവും കുഭമേളയുടെ ആത്മീയവശവും അവരെ ബോധ്യപ്പെടുത്തുക എന്നതാണ്. മതപരിവര്‍ത്തനത്തിന് എത്തുന്ന മിഷനറിമാരെ തടയാന്‍ ഈ യാത്ര അവരെ സഹായിക്കും’ – അവധ് മേഖലയിലെ സേവഭാരതി സ്‌കൂള്‍ പരിശീലകന്‍ റാംജി സിങ് പറഞ്ഞു.

അവധ് മേഖലക്ക് ശേഷം ഗൊരഖ്പുര്‍, കാശി, കാന്‍പുര്‍ മേഖലകളില്‍ നിന്നും വിദ്യാര്‍ഥികളെ മഹാകുംഭമേളക്ക് എത്തിക്കാനാണ് നീക്കമെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.