SportsTop News

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും

Spread the love

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. നായകൻ രോഹിത് ശർമയും ബിസിസിഐ മുഖ്യ സെലക്ടർ അജിത് അഗാർക്കറും ഉച്ചക്ക് 12:30ന് മാധ്യമങ്ങളെ കാണും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെയും പ്രഖ്യാപിക്കും. ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കില്ല.

അതേസമയം ഇന്ത്യന്‍ ടീമിലെ കളിക്കാരുടെ യാത്രയ്ക്കും കുടുംബങ്ങള്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ബി.സി.സി.ഐ കര്‍ശന മാര്‍ഗരേഖ തയാറാക്കി. ടീമിന്റെ അച്ചടക്കം ഉറപ്പാക്കുകയും ടീമംഗങ്ങള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുകയും യാത്രാസംവിധാനങ്ങള്‍ സുഗമമാക്കുകയുമാണ് ലക്ഷ്യം.

പുതിയ മാര്‍ഗരേഖ അനുസരിച്ച് കളിക്കാര്‍ പര്യടനങ്ങളുടെ സമയത്ത് മത്സരങ്ങള്‍ക്കും പരിശീലനത്തിനും പോകുമ്പോള്‍ മുഴുവന്‍ ടീമിനുമൊപ്പം യാത്ര ചെയ്യണം. അച്ചടക്കം ഉറപ്പാക്കാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള യാത്രയ്ക്ക് വിലക്കുണ്ട്. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യണമെങ്കില്‍ മുഖ്യപരിശീലകന്റെയോ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെയോ മുന്‍കൂര്‍ അനുമതി നേടിയിരിക്കണം.

പേഴ്‌സണല്‍ സ്റ്റാഫ്, മാനേജര്‍മാര്‍, ഷെഫ്, അസിസ്റ്റന്റുമാര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്കും നിയന്ത്രണമുണ്ട്.വിദേശ പര്യടനം 45 ദിവസത്തിലധികം നീണ്ടുനില്‍ക്കുകയാണെങ്കില്‍ കളിക്കാര്‍ക്ക് കളിക്കാര്‍ക്ക് ജീവിതപങ്കാളികളെയും പതിനെട്ട് വയസ്സിന് താഴേയുള്ള കുട്ടികളെയും കൊണ്ടുവരാം.

അടുത്ത മാസം 19 ന് ആരംഭിക്കാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം 20 നാണ്. അയൽക്കാരായ ബംഗ്ലാദേശാണ് ആദ്യ കളിയിൽ ഇന്ത്യയുടെ എതിരാളികൾ. ഫെബ്രുവരി 23 നാണ് ഇന്ത്യയുടെ രണ്ടാം മത്സരം. പാകിസ്താനാണ് എതിരാളികൾ. മാർച്ച് രണ്ടാം തീയതി നടക്കാനിരിക്കുന്ന മൂന്നാമത്തെ ഗ്രൂപ്പ് പോരാട്ടത്തിൽ ‌ന്യൂസിലൻഡിനെയാണ് ഇന്ത്യ നേരിടുക. പാകിസ്താനിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചതിനാൽ ഇന്ത്യയുടെ കളികളെല്ലാം ദുബായിലാണ് നടക്കുക.