കങ്കണ റണാവത്ത് ഇന്ദിരാ ഗാന്ധിയായിയെത്തുന്ന എമർജൻസിയുടെ റിലീസ് പഞ്ചാബിൽ നിർത്തി വെച്ചു
കങ്കണ റണാവത്ത് നായികയായ എമർജൻസി സിനിമയുടെ പ്രദർശനം പഞ്ചാബിൽ നിർത്തിവച്ചു. സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സിഖ് സംഘടനകൾ പ്രതിഷേധം കടുപ്പിച്ചതോടെയാണ് പ്രദർശനം നിർത്തിവച്ചത്. തീയറ്ററുകളിലും തീയറ്റർ പരിസരത്തും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പഞ്ചാബ് പോലീസ്.
രാജ്യത്ത് ഉടനീളം റിലീസ് ചെയ്ത കങ്കണ റണാവത് ചിത്രം എമർജൻസിക്കെതിരെ പഞ്ചാബിൽ പ്രതിഷേധം കടുപ്പിക്കുകയാണ് സിഖ് സംഘടനകൾ. ചിത്രം സിഖുകാരുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുകയും ചരിത്രത്തെ വളച്ചൊടിക്കുകയും ചെയ്യുന്നുവെന്ന് സിഖ് സംഘടനകൾ ആരോപിച്ചു. എമർജൻസിയുടെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ജിപിസി ഇന്നലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് കത്തയച്ചു. സംഘടനകളുടെ ആവശ്യത്തെ തുടർന്നാണ് പ്രദർശനം നിർത്തിവച്ചത് എന്ന് അമൃത്സർ എസിപി ഗഗൻദീപ് സിംഗ് അറിയിച്ചു.
എമർജൻസിയുടെ പ്രദർശനം അമൃത്സർ, ബർണാല, മാൻസ, മോഗ, പട്യാല തുടങ്ങിയ ജില്ലകളിലാണ് റിലീസ് നിർത്തിവെച്ചത്.സിമ്രൻജിത് സിംഗ് മാൻ്റെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദളും ചിത്രത്തെ എതിർത്തു. ഈ സിനിമയ്ക്കെതിരെ നേരത്തെ സിഖ് സംഘടനകൾ ആശങ്ക അറിയിച്ചതിനെ തുടർന്നു സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചില ഭാഗങ്ങൾ ഒഴിവാക്കാൻ ആവിശ്യപ്പെട്ടതിനെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് വൈകിയത്. ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ സുരക്ഷാ കാവൽ കടുപ്പിച്ചിട്ടുണ്ട് എന്നാണ് റിപോർട്ടുകൾ.