അമരക്കുനിയിലെ കടുവാഭീതിക്ക് അറുതിയില്ല; RRT ഇന്നും പരിശോധന തുടരും
വയനാട് പുൽപ്പള്ളി അമരക്കുനിയിലെ കടുവാഭീതിക്ക് അറുതിയില്ല.ഒമ്പത് ദിവസത്തിനിടെ കടുവ കൊന്നൊടുക്കിയത് അഞ്ച് ആടുകളെയാണ്. രാത്രിയിലും ദൗത്യം വനംവകുപ്പ് തുടർന്നു. അമരക്കുനിയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ തെർമൽ ഡ്രോൺ പരിശോധന നടത്തി. തോട്ടങ്ങൾ കേന്ദ്രീകരിച്ച് RRTയുടെ പരിശോധന ഇന്നും തുടരും.
നിലവിൽ കടുവ വനംവകുപ്പിന്റെ റഡാറിന് പുറത്താണെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ അജിത് കെ രാമൻ പറഞ്ഞു. കടുവയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. കടുവയെ പിടികൂടാൻ നാല് കൂടുകളാണ് ഇതുവരെ സ്ഥാപിച്ചത്. ആരോഗ്യപ്രശ്നം ഉള്ള കടുവയെന്ന് വനം വകുപ്പ് വ്യക്തമാക്കുന്നുണ്ട്. മയക്കുവെടി വെയ്ക്കാനാണ് വനംവകുപ്പ് പ്രഥമ പരിഗണന നൽകുന്നത്.
ഡോക്ടർ അരുൺ സക്കറിയയും സംഘവും അമരക്കുനിയിൽ എത്തിയിരുന്നു. അമരക്കുനിയിലെ കടുവ ഇതുവരെ പിടിച്ചത് മുഴുവൻ ആടുകളെയാണ്. അനാരോഗ്യം ആകാം ചെറിയ മൃഗങ്ങളെ വേട്ടയാടാൻ ഉള്ള കാരണമെന്ന് വനംവകുപ്പ് വിലയിരുത്തുന്നു. വിക്രം, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയും കടുവ തിരച്ചിലിനായി മുത്തങ്ങയിൽ നിന്നും എത്തിച്ചിരുന്നു.