Thursday, January 16, 2025
Latest:
KeralaTop News

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ വിവാദ കല്ലറ പൊളിച്ചു; കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി

Spread the love

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ വിവാദ കല്ലറ പൊളിച്ചു. കല്ലറയില്‍ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടിയിലേക്ക് കടന്നു. പോസ്റ്റ്മോര്‍ട്ടം മെഡിക്കല്‍ കോളജില്‍ നടത്താന്‍ തീരുമാനമായി. കല്ലറയില്‍ ഭസ്മവും പൂജാ ദ്രവ്യങ്ങളും കണ്ടെത്തി. ആദ്യം മേല്‍ ഭാഗം മാത്രമാണ് പൊളിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരം അഴുകിയ നിലയിലാണ്. കഴുത്ത് വരെ ഭസ്മം ഇട്ടിരുന്നു.

നെയ്യാറ്റിന്‍കര കേസ് മേല്‍നോട്ടം റൂറല്‍ എസ് പി കെ എസ് സുദര്‍ശനനാണ്. മൃതദേഹം അഴുകി എങ്കില്‍ അവിടെ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ ആലോചിച്ചിരുന്നു. ഇതിനായി പൊലീസ് ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തു നിയോഗിക്കുകയും ചെയ്തു. എന്നാല്‍ പ്രഥമ പരിഗണന ബോഡി മെഡിക്കല്‍ കോളജില്‍ എത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതാണ്.

കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നെയ്യാറ്റിന്‍കര ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി വ്യക്തമാക്കി. കുടുംബത്തിന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹൈന്ദവ സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്‍ പ്രതികരിച്ചു.