ഗസ്സയിൽ വെടിനിർത്തൽ; 15 മാസം നീണ്ടു നിന്ന യുദ്ധത്തിന് അന്ത്യം; ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചു
ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചു. അമേരിക്ക,ഖത്തർ , ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ. ഞായറാഴ്ച മുതൽ കരാർ നിലവിൽ വരും. ഇതോടെ പതിനഞ്ച് മാസം നീണ്ടു നിന്ന യുദ്ധത്തിന് അന്ത്യമാകുമെന്നാണ് പ്രതീക്ഷ
യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയിൽ മാസങ്ങളായി നീണ്ട ചർച്ചകളാണ് വിജയം കണ്ടത്. കരാർ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഞായറാഴ്ച കരാർ പ്രാബല്യത്തിൽ വരുമെന്നു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി വ്യക്തമാക്കി.
ഡോണൾഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന 20ന് മുൻപ് വെടിനിർത്തൽ പ്രഖ്യാപനം നടത്താൻ യുഎസ് സമ്മർദം ചെലുത്തിയിരുന്നു. തന്റെയും ട്രംപിന്റെയും സംഘങ്ങളുടെ ഒരുമിച്ചുള്ള ശ്രമങ്ങളാണ് വെടി നിർത്തലിലേക്ക് നയിച്ചതെന്ന് ജോ ബൈഡൻ പറഞ്ഞു. ഗസ്സ ജനതയുടെ ധീരതയുടെ വിജയമാണിതെന്ന് ഹമാസ്. വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെ ഗസയിലെങ്ങും ജനം ആഹ്ലാദ പ്രകടനം നടത്തി.
42 ദിവസം നീളുന്ന ആദ്യഘട്ടത്തിന്റെ തുടക്കത്തിൽ, ഹമാസിന്റെ ബന്ദികളായ 100 പേരിൽ 33 പേരെ മോചിപ്പിക്കും. പകരം ഇസ്രയേൽ ജയിലിലുള്ള നൂറിലേറെ പലസ്തീൻകാരെ വിട്ടയക്കും.ഗാസയിലെ ജനവാസമേഖലകളിൽനിന്നു ഇസ്രയേൽ സൈന്യം പിന്മാറും. ആദ്യ ഘട്ടം തീരും മുൻപ് തന്നെ രണ്ടാം ഘട്ടത്തിനുള്ള ചർച്ച ആരംഭിക്കും.