കുംഭമേളയിലെ ഐഐടിയൻ ബാബ
ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ മഹാകുംഭമേള നാലാം ദിനത്തിൽ എത്തി നിൽക്കുകയാണ്. 6 കോടിയിലധികം ഭക്തർ ഇതിനോടകം പങ്കെടുത്ത കുംഭമേളയിൽ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരെ കാണാം. എന്നാൽ ഇത്തവണ കുംഭമേളയിൽ ശ്രദ്ധേയമായ ഒരു വ്യക്തിത്വമാണ് ഐഐടി ബാബ. ഐഐടി ബോംബെയിൽ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് പഠിച്ച അഭയ് സിംഗ് എന്ന യുവാവാണ് ഈ പേരിൽ അറിയപ്പെടുന്നത്.
ഒരു സമയത്ത് ആകാശത്തെ കീഴടക്കാൻ സ്വപ്നം കണ്ട എഞ്ചിനീയറായിരുന്നു അഭയ് സിംഗ് ഇപ്പോൾ ആത്മീയതയുടെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ഒരു സന്യാസിയായി മാറിയിരിക്കുകയാണ്. ഈ രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങൾ ഒരേ വ്യക്തിയിൽ എങ്ങനെ സംയോജിച്ചു എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് പലരും ഐഐടി ബാബയെ കുറിച്ച് അന്വേഷിക്കുന്നത്.
എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം ഡിസൈനിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയെങ്കിലും ആത്മീയതയാണ് തന്റെ ജീവിതത്തിന് അർത്ഥം നൽകുന്നതെന്ന് അഭയ് സിംഗ് തിരിച്ചറിഞ്ഞു. എഞ്ചിനീയറിംഗ് പഠനകാലത്ത് തന്നെ ജീവിതത്തിന്റെ അന്തഃസത്ത മനസ്സിലാക്കാൻ പോസ്റ്റ് മോഡേണിസം, സോക്രട്ടീസ്, പ്ലേറ്റോ എന്നിവരുടെ തത്ത്വചിന്തകൾ താൻ പഠിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഹാകുംഭം ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ ഒന്നിപ്പിക്കുന്ന ഒരു വലിയ ആത്മീയ സംഗമമാണ്. എന്നാൽ ഇങ്ങനെയൊരു സംഭവം വളരെ കൗതുകമുള്ളതാണ്. എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് പഠിച്ചൊരു വ്യക്തി സന്യാസ ജീവിതത്തിലേക്കെത്തിയതും പണത്തിനുപകരം അറിവ് പിന്തുടരുന്നതുമൊക്കെ സോഷ്യൽ മീഡിയയിൽ ഏറെ പ്രശംസ പിടിച്ചു പറ്റി.
144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയ്ക്കായി പ്രയാഗ് രാജില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മേള നടക്കുന്നത്. 40 കോടി ഭക്തരാണ് ഇക്കുറി കുംഭമേളയ്ക്ക് എത്തുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.