രാജ്യത്തെ നിയമം എല്ലാവർക്കും ഒരുപോലെ; സമാധി പൊളിച്ച് പരിശോധന നടത്തണം’; മലക്കം മറിഞ്ഞ് ഹിന്ദു ഐക്യവേദി
നെയ്യാറ്റിൻകരയിലെ വിവാദ സമാധി കല്ലറ പൊളിക്കുന്നതിലെ ഹൈക്കോടതി ഉത്തരവിന് പിന്നാലെ മലക്കം മറിഞ്ഞ് ഹിന്ദു ഐക്യവേദി. സമാധി പൊളിച്ച് ഫൊറൻസിക് പരിശോധന ഉൾപ്പെടെ നടത്തണമെന്നും സമാധി തുറക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ ഹിന്ദു ഐക്യവേദി എതിർക്കില്ലെന്നുമാണ് നിലപാട്. രാജ്യത്തെ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമെന്നും ഹിന്ദു ഐക്യവേദി വ്യക്തമാക്കി.
സ്റ്റേറ്റ് നടത്തുന്ന എല്ലാ നിയമ നടപടികൾക്കും ഹിന്ദു ഐക്യവേദി പൂർണ പിന്തുണ നൽകുന്നുവെന്ന് ഹിന്ദു ഐക്യവേദി വ്യക്തമാക്കി. സത്യസായി ബാബയും സ്വാമി വിവേകനന്ദനും നൂറായിരം സന്യാസിവര്യന്മാരും സമാധി തന്നെയാണ് വരിച്ചത്. അവർക്കെല്ലാം പൂർണമായ മെഡിക്കൽ പരിശോധനക്കും വിധേയമായി നിയമപരമായ എല്ലാ കാര്യങ്ങളും ചെയ്തശേഷം പൊതു ദർശനവും കഴിഞ്ഞിട്ട് ആണ് സമാധിയിൽ ഇരുത്തിയത്. അല്ലാതെ ആരും കാണാതെ വെളുപ്പിന് 3 മണിക്ക് അല്ല സമാധി ഇരുത്തിയതെന്ന് ഹിന്ദു ഐക്യവേദി, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ബിജു അറപ്പുരയുടെ പ്രസ്താവന.
രാജ്യത്തെ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമെന്നും എല്ലാവരും അത് പാലിക്കാൻ വിധേയരാകണമെന്നും ഹിന്ദു ഐക്യവേദി പറഞ്ഞു. ഇത്തരം വിവാദങ്ങളിൽ ഹിന്ദു ഐക്യവേദിയുടെ ഒരു നേതാവിന്റെ പോലും പരസ്യ പിന്തുണ ഇല്ല. നിയമം നിയമത്തിന്റെ വഴിയിൽ പോകട്ടെ. ഹിന്ദു പ്രസ്ഥാനങ്ങളെ അനാവശ്യമായി വലിച്ചിഴക്കരുതെന്ന് ബിജു അറപ്പുരയുടെ പ്രസ്താവനയിൽ പറയുന്നു.