കേക്ക് വിവാദം; ആലോചിച്ച് പ്രതികരിക്കണമായിരുന്നു; വി.എസ് സുനിൽ കുമാറിനെതിരെ CPI എക്സിക്യൂട്ടിവിൽ വിമർശനം
വി.എസ് സുനിൽ കുമാറിനെതിരെ സിപിഐ എക്സിക്യൂട്ടിവിൽ വിമർശനം. തൃശൂർ മേയറുടെ കേക്ക് വിവാദവുമായി ബന്ധപ്പെട്ട് സുനിൽകുമാർ നടത്തിയ പ്രതികരണമാണ് വിമർശനത്തിന് ഇടയാക്കിയത്. വി.എസ്.സുനിൽ കുമാറിന് എതിരായ വിമർശനത്തിൽ കഴമ്പുണ്ടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശരിവെച്ചു. അസി.സെക്രട്ടറി പി.പി സുനീർ ആണ് സുനിൽകുമാറിനെതിരെ വിമർശനം ഉന്നയിച്ചത്.
തൃശൂരിലെ വിഷയത്തിൽ പാർട്ടി ആസ്ഥാനത്ത് വെച്ച് മാധ്യമങ്ങളെ കണ്ടത് ശരിയായില്ല. തൃശൂരിലെ ഘടകവുമായി ആലോചിച്ച് പ്രതികരിക്കണമായിരുന്നുവെന്നും വിമർശനം. വിമർശനം ശരിവെച്ച് ബിനോയ് വിശ്വം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. മുതിർന്ന നേതാവായ സുനിൽ കുമാറിനോട് സംസാരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. പിശക് ബോധ്യപ്പെടുത്തുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
തൃശൂർ മേയർ എം കെ വർഗീസിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കേക്ക് നൽകിയതുമായി ബന്ധപ്പെട്ട് വി എസ് സുനിൽകുമാർ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ക്രിസ്തുമസ് ദിനത്തിൽ സ്നേഹസന്ദേശയാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മേയർ എം കെ വർഗീസിനെ വീട്ടിലെത്തി കേക്ക് കൈമാറിയതിലായിരുന്നു വിഎസ് സുനിൽകുമാറിന്റെ പ്രസ്താവന. കേക്ക് കൈമാറ്റം യാദൃശ്ചികമല്ലെന്നും മുന്നണി രാഷ്ട്രീയത്തോടാണ് കൂറ് പുലർത്തേണ്ടതെന്നും വി എസ് സുനിൽകുമാർ പറഞ്ഞിരുന്നു.
സുനിൽകുമാറിന്റെ പ്രസ്താവനയിൽ എൽഡിഎഫിൽ കടുത്ത അതൃപ്തി ഉയർന്നിരുന്നു. ഒരു രാഷ്ട്രീയ നേതാവ് വീട്ടിൽ വരുന്നതിൽ ഒന്നും ചെയ്യേണ്ടതില്ലെന്ന് പറഞ്ഞ് സിപിഐ കൗൺസിലർ ഐ സതീഷ് കുമാർ സുനിൽകുമാർ തള്ളി രംഗത്തെത്തിയിരുന്നു. വി എസ് സുനിൽകുമാർ നടത്തിയ പ്രസ്താവനയും തുടർന്നുണ്ടായ വിവാദവും ഇനി തുടർന്നുകൊണ്ട് പോകേണ്ടതില്ലെന്ന് സിപിഐ വ്യക്തമാക്കിയിരുന്നു.