ഗോപൻ സ്വാമിയുടെ സമാധി ഇന്ന് തന്നെ പൊളിക്കും; നടപടികൾ തുടങ്ങി
തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ സമാധി കല്ലറ ഇന്ന് പൊളിച്ചു പരിശോധിക്കും. ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് കല്ലറ പൊളിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. കല്ലറ പൊളിച്ച് പരിശോധിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. സബ് കളക്ടറുടെ സാന്നിധ്യത്തിൽ ആണ് നടപടികൾ നടക്കുന്നത്. കല്ലറയുടെ 200 മീറ്റർ പരിധിയിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.
നടപടികളുമായി സഹകരിച്ചില്ലെങ്കിൽ കുടുംബത്തിൽ ഉൾപ്പെടെ കസ്റ്റഡിയിലെടുക്കും. കല്ലറ പൊളിച്ചു പരിശോധിക്കുന്നതിലൂടെ കേസിലെ ദുരൂഹതകൾ നീക്കാം എന്ന പ്രതീക്ഷയിലാണ് പോലീസ്. കുടുംബത്തെ ആവശ്യമെങ്കിൽ കരുതൽ കസ്റ്റഡിയിൽ എടുക്കും. വൈകാരിക പ്രതിഷേധം മറികടക്കാനാണ് നീക്കം. ജില്ലാ ഭരണകൂടം പോലീസിന് നിർദ്ദേശം നൽകി. സ്ഥലത്ത് കൂടുതൽ പോലീസ് സേനയെയും വിന്യസിച്ചു.
ഫോറൻസിക് സംഘം സംഭവ സ്ഥലത്തെത്തി. കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയാണ് അനുമതി നൽകിയത്. നെയ്യാറ്റിൻകര ഗോപന്റെ മരണസർട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി വ്യക്തമാക്കിയിരുന്നു. കുടുംബത്തിന്റെ ഹർജിയിൽ കോടതി സർക്കാരിന് നോട്ടീസ് അയച്ചു.