ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി; അച്ഛന്റേത് മരണമല്ല സമാധി എന്നാവർത്തിച്ച് മകൻ
അച്ഛന്റെ മരണ സർട്ടിഫിക്കറ്റ് ഇതുവരെ എടുത്തിട്ടില്ല ഇനി വേണം എടുക്കാനെന്ന് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. അച്ഛന്റേത് മരണമല്ലെന്നും സമാധിയാണെന്നും കല്ലറ പൊളിക്കാനുള്ള നീക്കത്തിൽ ഹിന്ദു ഐക്യ വേദി തീരുമാനം എടുക്കുമെന്നും മാധ്യമങ്ങളോട് മകൻ പ്രതികരിച്ചു. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉയർത്തിയ ചോദ്യം ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു സനന്ദന്റെ മറുപടി.
സമാധിയായതിന്റെ പടങ്ങൾ എടുത്ത് വെച്ചിട്ടില്ല. സമാധിയാകുന്ന ദിവസം മക്കൾ തന്നെ ചടങ്ങുകൾ പൂർത്തിയാക്കണമെന്ന് അച്ഛൻ പറഞ്ഞിരുന്നു. ഹിന്ദു ആചാരമനുസരിച്ച് അച്ഛന്റെ വാക്കുകൾ മക്കൾ നിറവേറ്റിയതാണെന്നും സനന്ദൻ പറയുന്നു.
എന്നാൽ കല്ലറ പൊളിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണ് മരണ സര്‍ട്ടഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആയി കണക്കാക്കേണ്ടിവരുമെന്നും ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കവെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അന്വേഷണം തടയാനാവില്ല. മരണം എവിടെയാണ് അംഗീകരിച്ചതെന്ന് കോടതി കുടുംബം നൽകിയ ഹർജിയിൽ ചോദിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്നും സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.ഹർജി അടുത്തയാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം, അനുയോജ്യമായ സമയത്ത് കല്ലറ പൊളിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇനിയൊരു ഉത്തരവോ നോട്ടീസോ ജില്ലാ ഭരണകൂടം ഇറക്കില്ല. സാഹചര്യം കണക്കിലെടുത്ത് സമാധാന അന്തരീക്ഷത്തിൽ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുക്കും. കഴിഞ്ഞദിവസം ഉണ്ടായത് പോലെ ക്രമസമാധാനം പ്രശ്നം ഉണ്ടാവില്ല എന്ന് ഉറപ്പാക്കിയതിനുശേഷം മാത്രമായിരിക്കും അടുത്ത നടപടികൾ കൈക്കൊള്ളുക. സ്ഥലത്തെ സാഹചര്യം സംബന്ധിച്ച് പൊലീസ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. നടപടികൾക്ക് മുന്നോടിയായി കൂടുതൽ പൊലീസിനെയും സ്ഥലത്ത് നിയോഗിക്കും. കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി അസ്വാഭാവികത നീക്കും എന്ന് തന്നെയാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. സമാധിയോട് അനുബന്ധിച്ച 41 ദിവസത്തെ പൂജാവിധികൾ തടസ്സപ്പെടുത്തരുതെന്നാണ് കുടുംബത്തിൻറെ വാദം. ജില്ലാ ഭരണകൂടം തങ്ങളുടെ ഭാഗം കേട്ടില്ലെന്ന ആക്ഷേപവും കുടുംബം ഉന്നയിക്കുന്നുണ്ട്.