Saturday, February 15, 2025
Latest:
KeralaTop News

വിഡി സതീശനെതിരെ ആരോപണം ഉന്നയിച്ചത് സ്വന്തം നിലയിൽ’; പിവി അൻവർ എംവി ​ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Spread the love

പ്രതിപക്ഷ നേതാവിന് എതിരെ സഭയിൽ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിക്കൽ സെക്രട്ടറി പി ശശി എഴുതി തന്നതാണെന്ന പി വി അൻവറിന്റെ വാർത്താസമ്മേളനത്തിലെ വാദം പൊളിയുന്നു. പി വി അൻവർ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിൽ കെ റെയിൽ അട്ടിമറിക്കാൻ ബെംഗളൂരു ഐടി കമ്പനികളിൽ നിന്ന് വി ഡി സതീശൻ പണം വാങ്ങിയെന്ന പരാമർശമുണ്ട്.

പ്രതിപക്ഷ നേതാവിന് എതിരെ ആരോപണം സഭയിൽ ഉന്നയിച്ചത് പി ശശി എഴുതി തന്നതാണ് എന്നാണ് അൻവർ പറഞ്ഞത്. രാജി പ്രഖ്യാപന വാർത്താ സമ്മേളനത്തിൽ അൻവർ വിഡി സതീശനോട് മാപ്പ് അപേക്ഷിച്ചത് ഈ കാരണം പറഞ്ഞായിരുന്നു. എന്നാൽ 2024 സെപ്റ്റംപർ 13ന് അൻവർ എംവി ​ഗോവിന്ദന് അയച്ച കത്തിൽ ആരോപണം ഉന്നയിച്ചത് സ്വന്തം നിലയിലാണെന്ന് പറയുന്നുണ്ട്. തനിക്കു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെയും ടിപി രാമകൃഷ്ണന്റെയും അനുമതി വാങ്ങി സ്വന്തം നിലയിൽ ആണ് സഭയിൽ ആരോപണം ഉന്നയിച്ചത് എന്ന് കത്തിൽ പരാമർശം.

കെ റൈയിൽ ആട്ടിമറിക്കാൻ ബെം​ഗളൂർ ഐടി കമ്പനികളിൽ നിന്നും പ്രതിപക്ഷ നേതാവ് പണം വാങ്ങി എന്ന ആരോപണം കത്തിൽ വിശദമായി പറയുന്നു. പിണറായിക്കും കോടിയേരിക്കുമെതിരായ പ്രതിപക്ഷ നേതാവിന്റെ അടിസ്ഥാനരഹിത ആരോപണം കാരണമാണ് ഇത് ചെയ്തത് എന്നും അൻവറിന്റെ കത്തിൽ പറയുന്നു.

താൻ വലിയ പാപ ഭാരങ്ങൾ ചുമക്കുന്നയാളെന്നായിരുന്നു അൻവറിന്റെ വെളിപ്പെടുത്തൽ. വി ഡി സതീശന് എതിരായി ആരോപണം ഉന്നയിക്കേണ്ടിവന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രസ്താവന. പി.ശശി പറഞ്ഞിട്ടാണ് സതീശന് എതിരെ ആരോപണം ഉന്നയിച്ചതെന്ന് അൻവർ വെളിപ്പെടുത്തിയിരുന്നത്. പി ശശി എഴുതി ടൈപ്പ് ചെയ്ത് തന്നതാണ് പറഞ്ഞതെന്നും മുഖ്യമന്ത്രിക്കെതിരായ ഒറ്റ തിരിഞ്ഞുള്ള ആക്രമണത്തിൽ മാനസിക വിഷമം ഉള്ളത് കൊണ്ടാണ് ഉന്നയിക്കാൻ തയാറായതെന്നും അർവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

സ്പീക്കർക്ക് എഴുതി നൽകിയാണ് ആരോപണം ഉന്നയിച്ചത്. ശശിയേട്ടാ ശരിയല്ലേ എന്ന് ചോദിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് സഭയിൽ ആരോപണം ഉന്നയിച്ചത്. തന്നെ ഒരു സ്ഥലത്ത് കൊണ്ടുപോയി ലോക്ക് ചെയ്യണമെന്ന് ശശി അന്നേ കരുതിയിരുന്നുവെന്നും വാർത്താ സമ്മേളനത്തിൽ പിവി അൻവർ പറഞ്ഞിരുന്നു. പ്രതിപക്ഷനേതാവിന് ഉണ്ടായ മാനഹാനിയിൽ മാപ്പ് ചോദിക്കുന്നതായും ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നതായും അൻവർ പറ‍‌ഞ്ഞിരുന്നു. എന്നാൽ അൻവറിന്റെ ഈ വാദങ്ങൾ പൊളിയുന്നതാണ് പുറത്തുവന്ന കത്തിലെ വിവരങ്ങൾ‌.